
തൃശൂർ: മതിലകം കൂളിമുട്ടം കോഡൂരിൽ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതികളായ രണ്ടു പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല അത്താണി ശിവ (18 ), കൂളിമുട്ടം സ്വദേശി സജിത്ത് (20) എന്നിവരാണ് പിടിയിലായത്. കരിയോടത്ത് ബാബുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം കൂളിമുട്ടം കോഡൂരിലുള്ള ബാബുവിന്‍റെ വീടിന്‍റെ മുന്നിൽ വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ എമ്മാട് നിന്നും പിടികൂടുകയായിരുന്നു.
ഞായറാഴ്ച രാത്രി ഏമ്മാട് വച്ച് നൈറ്റ് പട്രോളിങ് വാഹന പരിശോധനയ്ക്കിടയിൽ സംശയം തോന്നിയതിനെ തുടർന്ന് പ്രതികളെ ചോദ്യം ചെയ്തു. മോഷണം പോയ വാഹനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജി, സബ്ഇൻസ്പെക്ടർ ടി എൻ പ്രദീപൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജമാലുദ്ദീൻ, പ്രബിൻ, സനീഷ്, ഷിജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, സൻസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.