
ഇടുക്കി: ഇടുക്കി തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയർപിൻ വളവിൽ ട്രാവലർ അപകടത്തിൽപ്പെട്ട് 14 പേർക്ക് പരിക്ക്. വളവിൽ നിയന്ത്രണം നഷ്ടമായ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലായ കൊല്ലം സ്വദേശി ജ്യോതികയെ (16) തൊടുപുഴയിലേയ്ക്ക് മാറ്റി. ഡ്രൈവര്‍ കുന്നിക്കോട് എസ് ഷംനാദ് (36), അധ്യാപകരായ അംജാത് (42) നൗഫല്‍ (32) എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. റോഡിൽ കുത്തനെയുള്ള ഇറക്കത്തിലാണ് വാഹനം നിയന്ത്രണം വിട്ടത്. റോഡരികിലെ ഞാവല്‍ മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഘം കുന്നിക്കോട്ടു നിന്നും പുറപ്പെട്ടത്. രാത്രി 7.30 ഓടെയാണ് അപകടം. ഡ്രൈവറുടെ കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. മരത്തിനും വാഹനത്തിനുമിടയില്‍ കുടുങ്ങിയ ഡ്രൈവറെ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. കുളമാവ് പൊലീസും മൂലമറ്റത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സന ഫാത്തിമ, സുബനാസ്, അദില ലിസ, മുഹമ്മദ് ഫറൂഖ്, നിധി സജീവ്, എസ് ശ്രീരാഗ്, ഫാബിയ ഫാത്തിമ, എല്‍.കൃഷ്ണപ്രിയ, എല്‍. നുഫാല്‍, ഫാത്തിമ അലി, എസ്.ഷെമീര്‍ എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. ഇവരെല്ലാം മൂലമറ്റം ആശുപത്രിയില്‍ ചികിത്സ തേടി. പരിക്കേറ്റവരെ കാഞ്ഞാർ പൊലീസ് ജീപ്പിലും ആംബുലൻസിലുമായി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
വിദ്യാർഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. ട്യൂഷൻ സെൻ്ററിലെ വിദ്യാർത്ഥികൾ ഇടുക്കിയിൽ വിനോദ യാത്രയ്ക്ക് എത്തി മടങ്ങുകയായിരുന്നുവെന്ന് കുളമാവ് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് പരിക്കേവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇടുക്കി സന്ദർശനത്തിന് ശേഷം തിരികെ മടങ്ങുന്നതിനിടെ കുത്തനെ ഇറക്കത്തിൽ നിയന്ത്രണം വിട്ട വാഹനം മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറഞ്ഞത്. വാഹനം താഴെ കൊക്കയിലേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കുളമാവ്, കാഞ്ഞാർ പോലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്താണ് അപകടം നടന്നത്. ഇരു സ്റ്റേഷനുകളിലും നിന്നും പൊലീസ് സ്ഥലത്തെത്തി. കുറച്ചു നേരത്തെ ഗതാഗത കുരുക്കിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചു.