മണ്‍സൂണ്‍ കാലത്ത് പ്രളയഭീതിയില്‍ വിറങ്ങലിച്ച് പന്നിയാറുകൂട്ടി

By Web TeamFirst Published Jun 9, 2019, 2:58 PM IST
Highlights

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് പതിനാറിനുണ്ടായ മണ്ണിടിച്ചിലില്‍ ആറ് വീടുകളും പതിമൂന്ന് കടകളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട നിരവധി  കുടുംബങ്ങള്‍ വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് ഇപ്പോഴും അന്തിയുറങ്ങുന്നത്. 

ഇടുക്കി: പ്രളയത്തില്‍ പാടേ തകര്‍ന്ന പന്നിയാറുകൂട്ടി, മഴക്കാലമെത്തുമ്പോള്‍ വലിയ ദുരന്ത ഭീതിയിലാണ്. നിരവധി വീടുകളടക്കം തകര്‍ന്ന് മണ്ണിടിച്ചിലുണ്ടായ ഭാഗം ഇപ്പോഴും വന്‍ മണ്ണിടിച്ചില്‍ ഭീഷിണിയിലാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് പതിനാറിനുണ്ടായ മണ്ണിടിച്ചിലില്‍ ആറ് വീടുകളും പതിമൂന്ന് കടകളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.  

മാനത്ത് കാറും കോളും കണ്ടാല്‍ പന്നിയാറൂകൂട്ടി നിവാസികളുടെ മനസ്സിലിപ്പോള്‍ തീയാണ്. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട നിരവധി  കുടുംബങ്ങള്‍ വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് ഇപ്പോഴും അന്തിയുറങ്ങുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മുന്നൂറ് അടിയോളം ഉയരത്തില്‍ നിന്നും ഒരു മലയുടെ ഭാഗം ഇടിഞ്ഞ് പന്നിയാറുകൂട്ടി ടൗണിലേയ്ക്ക് പുഴയിലേയ്ക്കും പതിയ്ക്കുകയായിരുന്നു. 

ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന പതിമൂന്ന് കടകളും മുകള്‍ ഭാഗത്തുണ്ടായിരുന്ന ആറ് വീടുകളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. ആഴ്ചകള്‍ നീണ്ടു നിന്ന പ്രവര്‍ത്തനത്തിനൊടുവില്‍ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ചെറിയ മഴ പെയ്താല്‍ ഇതുവഴിയുള്ള ഗാതഗതം പൂര്‍ണ്ണമായി നിലയ്ക്കും. ഇടിഞ്ഞ് വീണ ഭാഗത്ത് ഇനിയും നൂറ്കണക്കിന് അടി ഉയരത്തില്‍ നില്‍ക്കുന്ന മണ്‍തിട്ട ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ നില്‍ക്കുകയാണ്. 

മലമുകളില്‍ താമസിക്കുന്ന പലരും മഴക്കാലമെത്തുന്നതിന് മുമ്പ് ഭയം കാരണം വാടക വീടെടുത്ത് മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ്. റോഡ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഇടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം പഞ്ചായത്ത് നിര്‍ത്തിവെപ്പിച്ചിരുന്നു. നിലവില്‍ മണ്ണ് മാറ്റല്‍ അവസാനിപ്പിച്ച് റോഡ് നിര്‍മ്മാണം തുടരുകയാണ്. എന്നാല്‍ ചെറിയ മഴയില്‍ പോലും റോഡിലേയ്ക്ക് മലമുകളില്‍ നിന്നും കല്ലും മണ്ണും പതിയ്ക്കുന്നതിനാല്‍ പണിതിട്ടും പണിതീരാത്ത അവസ്ഥയാണ് പന്നിയാറുകൂട്ടി റോഡ്. 

click me!