ടിസി നിഷേധിച്ച സംഭവം; ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ഡിവൈഎഫ്ഐ, കെഎസ്‍യു മാർച്ച്

By Web TeamFirst Published May 18, 2019, 11:49 AM IST
Highlights

എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നൽകുന്നതിന് ഒരു ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ട സ്കൂൾ മാനേജ്മെന്‍റിനെതിരെ രക്ഷിതാക്കളും വിദ്യാർത്ഥികളും  പരാതി നൽകിയിരുന്നു. 

മലപ്പുറം: എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നിഷേധിച്ച  സംഭവത്തില്‍ എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ഡിവൈഎഫ്ഐ, കെഎസ്‍യു  പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുന്നു.

എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നൽകുന്നതിന് ഒരു ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ട സ്കൂൾ മാനേജ്മെന്‍റിനെതിരെ രക്ഷിതാക്കളും വിദ്യാർത്ഥികളും പരാതി നൽകിയിരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് ശ്രമിച്ച ആറ് കുട്ടികളോടാണ് മാനേജ്മെന്‍റ് പണം ആവശ്യപ്പെട്ടത്. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശു ക്ഷേമ സമിതി സ്കൂളിന് നോട്ടീസ് അയക്കുകയും ചെയ്തു. 

23 കുട്ടികളാണ്  ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായത്. ഇതില്‍ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചത്. ഇതിനായി ഏകജാലക സംവിധാനം വഴി അപേക്ഷ കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ടിസി വാങ്ങാനായി ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെത്തിയപ്പോഴാണ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.

പത്ത് വരെ പഠിക്കുന്ന കുട്ടികള്‍ ഹയര്‍ സെക്കന്‍ററിയിലും ഇവിടെ തുടരണമെന്നാണ് നിബന്ധനയെന്ന് സ്കൂള്‍ മാനേജ്മെന്‍റ് പറയുന്നു. രക്ഷിതാക്കള്‍ ഇത് അംഗീകരിച്ചതാണ്. ഹയര്‍ സെക്കന്‍ററിയില്‍ കുട്ടികള്‍ കുറയുന്നത് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് മാനേജ്മെന്‍റിന്‍റെ വാദം. 
 

click me!