
കോഴിക്കോട്: രാഷ്ട്രീയം ജീവിതത്തില്‍ ഒന്നാകാന്‍ തടസ്സങ്ങളല്ലെന്ന് വിളിച്ചോതി ഐഫയും (Aifa) നിഹാലും (Nihal). എസ്എഫ്‌ഐ (SFI) മുന്‍ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ (DYFI) പ്രവര്‍ത്തകയുമായ ഐഫ് അബ്ദുറഹിമാനും കെ എസ് യു (KSU) കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിടി നിഹാലും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം ഞായറാഴ്ച കഴിഞ്ഞു. കോഴിക്കോട് ലോ കോളേജില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. ലോ കോളേജില്‍ രാഷ്ട്രീയ ബന്ധം മാത്രമേ ഇരുവരുമുണ്ടായിരുന്നുള്ളൂ. ഇരുവരും ജില്ലാ കോടതിയില്‍ അഭിഭാഷകരുമാണ്. സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകയാണ് ഐഫ. നിഹാലാകട്ടെ കെ എസ് യുവിന്റെ കോഴിക്കോട്ടെ മുന്നണി പോരാളിയും. ഐഫയുടെ ബന്ധുവഴിയാണ് വിവാഹാലോചന എത്തിയത്. രാഷ്ട്രീയം പ്രശ്‌നമാകുമോ എന്നാശങ്കയുണ്ടായിരുന്നെങ്കിലും മനസ്സുകള്‍ തമ്മില്‍ ഒന്നാകാന്‍ കൊടികളുടെ നിറവ്യത്യാസം പ്രശ്‌നമില്ലെന്ന് ഇരുവരും മനസ്സിലാക്കി വിവാഹത്തിന് സമ്മതം മൂളി.
ഇപ്പോള്‍ ഡിവൈഎഫ്‌ഐ, ഓള്‍ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷന്‍ അംഗമാണ് ഐഫ. കെ എസ് യു ജില്ലാ പ്രസിഡന്റായ നിഹാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതിയറ വാര്‍ഡില്‍ മത്സരിച്ചിരുന്നു. വിവാഹ ശേഷവും രാഷ്ട്രീയപ്രവര്‍ത്തനവുമായി ഇരുവരും മുന്നോട്ട് പോകും. അടുത്ത വര്‍ഷമാണ് വിവാഹം. കൊടുവള്ളി സ്വദേശി അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. മാങ്കാവ് തളിക്കുളങ്ങര വലിയ തിരുത്തിമ്മല്‍ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാല്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam