ചുറ്റുപാടിനെ ഹരിതാഭമാക്കി കർമ്മഭൂമിയിൽ സജീമായി ജനപ്രതിനിധിയായ മിനി

By Web TeamFirst Published Oct 25, 2021, 10:15 PM IST
Highlights

ചുറ്റുപാടിനെ ഹരിതാഭമാക്കുകയാണ് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായ മിനി.

ഹരിപ്പാട്: ചുറ്റുപാടിനെ ഹരിതാഭമാക്കുകയാണ് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായ മിനി. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഹരിതകർമ്മസേന രൂപീകരിച്ച നാൾമുതൽ സജീവ പ്രവർത്തകയാണ് മിനി. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ജനപ്രതിനിധി ആയതിനുശേഷവും വിവിധ വാർഡുകളിലെ വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മസേന അംഗമായി തുടരുകയാണ്. 

തുടക്കകാലം മുതൽ മികവുറ്റ പ്രവർത്തനത്തിന് മറ്റ് ഹരിതകർമ്മ സേനാംഗങ്ങളുടെയും ഹരിത സഹായ സ്ഥാപനം ആയ ഐആർടിസിയുടെയും പ്രശംസയ്ക്ക് വിധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുള്ള വ്യക്തികൂടിയാണ് മിനി. ജനപ്രതിനിധി ആയെങ്കിലും മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കാൻ ഒരിക്കൽപോലും ആലോചിച്ചിട്ടില്ല എന്നും അജൈവ മാലിന്യങ്ങൾക്കെതിരായ പോരാട്ടത്തിന് സജ്ജമായ ഹരിതകർമ്മസേനയ്ക്ക് മുന്നേറാൻ വേണ്ടത് ജനപിന്തുണയാണെന്നും മിനി പറയുന്നു. 

മികച്ച പ്രവർത്തനമാണ് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന നടത്തിവരുന്നത്. എല്ലാ വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങളും 100 ശതമാനം യൂസർ ഫീയും ഹരിത കർമ്മ സേന ശേഖരിക്കുന്നുണ്ട്. ഇതുവരെ ഏകദേശം 25 ടൺ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് കൈമാറി കഴിഞ്ഞിരിക്കുന്നു. 

നിലവിൽ 6000 രൂപയ്ക്ക് മുകളിൽ മാസവരുമാനം ഇപ്പോഴും ഇവർക്ക് ലഭിക്കുന്നുണ്ട്. ഹരിതകർമ്മ സേനാംഗങ്ങൾക്ക് അധിക വരുമാന മാർഗം എന്ന നിലയിൽ ഹരിതകർമ്മസേന യൂണിറ്റ് തുണി സഞ്ചി നിർമ്മാണ പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തു കഴിഞ്ഞു. എത്രയും വേഗം പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടിയുമായി പഞ്ചായത്തും ഇവർക്കൊപ്പമുണ്ട്.

click me!