'മി(നി)സ്റ്റർ മരുമകന് എതിരെ കേസ് എടുക്കണം'; ഉദ്ഘാടനത്തിലെ ആൾക്കൂട്ടത്തിൽ ബിന്ദു കൃഷ്ണ

By Web TeamFirst Published Jan 9, 2022, 7:42 AM IST
Highlights

ഇന്നലെത്തെ എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ബിന്ദു കൃഷ്ണ വിമർശനം.  കൊവിഡ് കേസുകൾ സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ വലിയ ആൾക്കൂട്ടമാണ് എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഉണ്ടായത്

കൊല്ലം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ (Muhammad Riyas) കേസെടുക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ (Congress Leader Bindhu Krishna).  മി(നി)സ്റ്റർ മരുമകന് എതിരെ കേസ് എടുക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്യണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടത്. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ചവരാണ് ആഭ്യന്തര വകുപ്പെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു. ഇന്നലെത്തെ എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ബിന്ദു കൃഷ്ണ വിമർശനം.  

കൊവിഡ് കേസുകൾ സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ വലിയ ആൾക്കൂട്ടമാണ് എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഉണ്ടായത്. ഇതിനെതിരെയാണ് ഇപ്പോൾ ബിന്ദു കൃഷ്ണ രം​ഗത്ത് വന്നത്. അതേസമയം, പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവില്‍ സ്വപ്ന പദ്ധതിയായ എടപ്പാള്‍ മേല്‍പ്പാലം യാതാർത്ഥ്യമായതിന്റെ ആഘോഷത്തിലാണ് നാട്ടുകാർ. 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്.

കിഫ്ബിയില്‍ നിന്ന് തുക ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്-തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എഇഒ ഓഫീസ് വരെയുള്ള 218 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം. 8.4 മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയ്ക്കാണ് മേല്‍പ്പാലം നിര്‍മിച്ചത്.

click me!