
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂറെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. ഷൊർണ്ണൂരിൽ ചെലവിട്ട 14 മണിക്കൂറുകളിൽ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്നത് അന്വേഷണത്തിൽ നിർണായകമാകും. എന്നാൽ ഇക്കാര്യത്തിൽ പ്രതി ഒരു വെളിപ്പെടുത്തലിനും തയ്യാറായിട്ടില്ല. എന്തിനാണ് 14 മണിക്കൂർ ഷൊർണൂരിൽ ചെലവിട്ടത് എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോടും ഇയാൾ വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഷൊർണ്ണൂരിൽ പ്രതി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറുടെ മൊഴിയെടുത്തിട്ടുണ്ട്. ഞായറാഴ്ച പകൽ നേരത്തെ ഇയാളുടെ ഷൊർണ്ണൂരിലെ നീക്കങ്ങൾ കണ്ടെത്താൻ പൊലിസ് സംഘം അവിടെ ക്യാംപ് ചെയ്യ് അന്വേഷണം നടത്തുകയാണ്.
വിവിധയിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണം. റെയിൽവേ സ്റ്റേഷനും പെട്രോൾ പമ്പിനും പുറമെ ഇയാളെത്തിയെ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇയാൾ സമീപ ദിവസങ്ങളിൽ ഉപയോഗിച്ച സിം കാർഡുകളെക്കുറിച്ച് വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിൽ കേരളത്തിൽ നിന്നുള്ള ആളുകളും ഉണ്ട് എന്നാണ് പൊലിസും കേന്ദ്ര ഏജൻസികളും സംശയിക്കുന്നത്. അതേ സമയം തുടക്കത്തിൽ നൽകിയ മറുപടികളല്ലാതെ പിന്നീടൊന്നും വെളിപ്പെടുത്താൻ ഷാറുഖ് സെയ്ഫി തയ്യാറായിട്ടില്ല. തെളിവെടുപ്പിന് സജ്ജമാകും മുമ്പ് കിട്ടേണ്ട വിവരങ്ങൾ ഇനിയും ലഭിക്കാത്തതാണ് നടപടി വൈകാൻ കാരണം. പ്രതിയെ നാളെയാണ് വീണ്ടും ആരോഗ്യ പരിശോധനയ്ക്ക് കൊണ്ട് പോകാൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ സുഖമില്ലെന്ന് പരാതിപ്പെട്ടതോടെ ചോദ്യം ചെയ്യൽ നടക്കുന്ന മാലൂർ കുന്ന് കാംപിലേക്ക് ഡോക്ടറെ വിളിച്ചു വരുത്തി പരിശോധന നടത്തി. കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.
അതേസമയം ട്രെയിൻ തീവെയ്പ് കേസിൽ ദില്ലിയിൽ കൂടുതൽ പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഷാറൂഖിന്റെ ബാങ്ക് ഇടപാടുകൾ അടക്കം സംഘം പരിശോധിക്കും. ഷാറൂഖിന് നിരോധിതസംഘടനയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിലാണ് പ്രധാനമായും പരിശോധന തുടരുന്നത്. ഇങ്ങനെയൊരു ബന്ധം നിലവിൽ തള്ളിക്കളയാനാകില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഷഹീൻബാഗിൽ നിന്ന് കേരളത്തിലേക്ക് നീളുന്ന മലയാളി ബന്ധമുണ്ടോ എന്നതിലും ഷാറൂഖിനെ സ്വാധീനിച്ച വ്യക്തികളെ കുറിച്ചും അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam