
മലപ്പുറം: ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാള്‍ പിടിയിൽ. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ (66) ആണ് അറസ്റ്റിലായത്. പുത്തൂർ പള്ളി സ്വദേശിനി സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. ഉംറക്ക് പോവാൻ അറബി സഹായിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു വീട്ടമ്മയുടെ സ്വർണ്ണം കൈക്കലാക്കുകയായിരുന്നു. മൂന്നേ മുക്കാൽ പവൻ സ്വർണാഭരണമാണ് ഇത്തരത്തിൽ വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത്. ആഭരണം കണ്ടാൽ അറബി സഹായിക്കില്ലെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ഊരി വാങ്ങുകയായിരുന്നു. ഇതിനുശേഷം വാങ്ങിയ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു. സംഭവത്തിൽ വീടമ്മയുടെ പരാതിയിൽ മഞ്ചേരി പൊലീസ് കേസെടുത്താണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ മറ്റു തട്ടിപ്പ് കേസുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.