
ആലപ്പുഴ: ചെങ്ങന്നൂരിൽ വയോധികയെ വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടിൽ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വർഗീസ് (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ റിൻജു സാം പൊലീസ് പിടിയിൽ. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് പരിസരവാസികളെ നടുക്കിയ സംഭവം.
അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പിൽ റോസമ്മയുടെ മകൻ റിൻജു സാമിനെ(28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഫെബ്രുവരി മുതൽ റിൻജുവിന്റെ കുടുംബത്തിനൊപ്പമാണ് അന്നമ്മ താമസിച്ചിരുന്നത്. മാനസിക പ്രശ്നങ്ങൾ ഉള്ള റിൻജു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മാതാപിതാക്കളായ സാമും റോസമ്മയും വെട്ടേൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. അതി ക്രൂരമായിട്ടാണ് വെട്ടിക്കൊന്നതെന്നും ശരീരത്തിൽ 20 ലേറെ മുറിവുകളുണ്ടെന്നുമാണ് വിവരം. പൊലീസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നുവെന്നും അകത്ത് നിന്ന് വാതിൽ അടച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ചെന്നൈയിൽ ജ്വലറിയിൽ ജീവനക്കാരനായിരുന്ന റിൻജു മാനസിക പ്രശ്നങ്ങളെ തുടർന്ന് ജോലി ഉപേക്ഷിച്ച് മാസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അന്നമ്മയെ ആക്രമിച്ച ആയുധവും പൊലീസ് കണ്ടെടുത്തു.
Read more: ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി, കഴുത്തറുത്തു; പ്രണയപ്പകയിൽ ക്രൂരനായി മാറിയ ശ്യാജിത്ത് അറസ്റ്റിൽ
അതേസമയം, തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. വലിയതുറ പൊലീസാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലെ ഗുണ്ടാ നേതാവിനെയാണ് പ്രതികള്‍ വെട്ടി പല കഷണങ്ങളിലാക്കി ഉപേക്ഷിച്ചത്. ഗുണ്ടാസംഘങ്ങളുടെ പകയെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam