മുഖ്യമന്ത്രിക്കൊപ്പം സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ഫിറോസ് കുന്നംപറമ്പിലും; പുലിവാല് പിടിച്ച് എല്‍ഡിഎഫ്

By Elsa Tresa JoseFirst Published Nov 29, 2020, 1:13 PM IST
Highlights

മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ തെക്കുമുറി മൂന്നാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി കുരുണിയന്‍ ഹസീന ഹക്കീമിന് വേണ്ടി ഉയര്‍ന്ന പോസ്റ്ററിലാണ് ഇടത് നേതാക്കള്‍ക്കൊപ്പം ഫിറോസ്  കുന്നംപറമ്പിലിന്‍റെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. 

ഒതുക്കുങ്ങല്‍: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന്‍റെ ചിത്രവും. മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ തെക്കുമുറി മൂന്നാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി കുരുണിയന്‍ ഹസീന ഹക്കീമിന് വേണ്ടി ഉയര്‍ന്ന പോസ്റ്ററിലാണ് ഇടത് നേതാക്കള്‍ക്കൊപ്പം ഫിറോസ്  കുന്നംപറമ്പിലിന്‍റെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസം മുന്‍പ് വച്ച പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ എല്‍ഡിഎഫ് പ്രതിസന്ധിയിലായി. പിണറായി വിജയനും കെടി ജലീലും പോസ്റ്ററിലും ഇടം പിടിച്ചിട്ടുണ്ട്.

ഹസീന ഹക്കീമിന് വേണ്ടി ഉയര്‍ന്ന ഈ പോസ്റ്ററിന് എല്‍ഡിഎഫിന് ബന്ധമില്ലെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം രാജന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഫിറോസ് കുന്നംപറമ്പിലിന്‍റെ ഫാന്‍സായ ഒരു പ്രവാസി സംഘടനയാണ് ഈ പോസ്റ്ററിന് പിന്നിലെന്നും രാജന്‍ പറഞ്ഞു. അഞ്ച് ദിവസം മുന്‍പ് രാത്രിയിലാണ് പോസ്റ്റര്‍ കൊണ്ടുവച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോസ്റ്ററിനെതിരെ എല്‍ഡിഎഫ് കമ്മിറ്റി പ്രസ്താവന ഇറക്കിയിരുന്നു. പിന്നാലെ പോസ്റ്റര്‍ നീക്കിയിരുന്നുവെന്നും രാജന്‍ വിശദമാക്കുന്നു. നാട്ടിലുള്ള  രാഷ്ട്രീയ ബോധമില്ലാത്ത ചില ആളുകളാണ് പോസ്റ്ററിന് പിന്നിലെന്നാണ് രാജന്‍ വ്യക്തമാക്കുന്നത്. പോസ്റ്റര്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നുവെന്നും രാജന്‍ പ്രതികരിച്ചു. പ്രാദേശിക ഗ്രൂപ്പുകളില്‍ പ്രചരിച്ച പോസ്റ്റര്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. 

നേരത്തെ ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് ശക്തമായി പ്രതികരിച്ചിരുന്നു. സാമൂഹ്യ സുരക്ഷാ മിഷന്‍റെ വി കെയര്‍ പദ്ധതിയടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളുള്ളപ്പോള്‍ സജീവമാകുന്ന ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ ഫിറോസിന്‍റെ പ്രവര്‍ത്തനങ്ങളെ പേരെടുത്ത് പറഞ്ഞ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരും ഈ പ്രചാരണ ബോര്‍ഡില്‍ ഇടം നേടിയിരുന്നു. ഈ വാര്‍ഡിലെ സ്ഥാനാര്‍ത്ഥികള്‍ എല്ലാവരുടേയും പേര് ഹസീന എന്നായതും നേരത്തെ കൌതുകമായിരുന്നു. 
 

click me!