അരൂരില്‍ ചിത്രം വ്യക്തമാകുന്നു; പ്രചാരണ ആവേശത്തിന് തിരിതെളിഞ്ഞു

By Web TeamFirst Published Sep 26, 2019, 1:29 PM IST
Highlights
  • ആലപ്പുഴ ജില്ലയില്‍ പത്ത് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പ്
  • മണ്ഡലം രൂപീകൃതമായ ശേഷമുള്ള 15 തെരഞ്ഞെടുപ്പുകളില്‍ പത്തിലും അരൂര്‍ ചാഞ്ഞത് ഇടത്തേക്ക്
  • എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മനു സി പുള്ളിക്കല്‍

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ചിത്രം പൂര്‍ണമായി വ്യക്തമാകും മുന്‍പ് തന്നെ പ്രചാരണ ആവേശം തുടങ്ങി. എല്‍ഡിഎഫും യുഡിഎഫും ബൂത്ത് തല കമ്മിറ്റികള്‍ രൂപീകരിച്ച് ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മനു സി പുള്ളിക്കലിന്‍റെ പ്രഖ്യാപനം വന്നതോടെ ഇനി രംഗം കൊഴുക്കും.

എല്‍ഡിഎഫ് രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചുവരുകള്‍ ആദ്യം ബുക്ക് ചെയ്തതും അവരാണ്. 10 വര്‍ഷത്തിനിടയില്‍ ആലപ്പുഴ ജില്ലയിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. 2009ല്‍ കെ സി വേണുഗോപാല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ആലപ്പുഴ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

2018ല്‍ കെ  കെ രാമചന്ദ്രന്‍ പിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. ആലപ്പുഴയുടെ അതിര്‍ത്തിയാണ് അരൂരെങ്കിലും ആകാശക്കാഴ്ചയില്‍ മൂന്ന് പാലങ്ങള്‍ കൊണ്ട് കൊച്ചിയോടാണ് അരൂരിനടുപ്പം. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ പത്തിലും അരൂര്‍ ഇടത്തേക്കാണ് ചാഞ്ഞത്.

ആദ്യത്തെ രണ്ടു തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് നിയമസഭയില്‍ അരൂരില്‍ നിന്ന് കോണ്‍ഗ്രസ് പതാക പാറിയത്. ഇപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ യുഡിഎഫിനും എന്‍ഡിഎയ്ക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചേ തീരൂ. ആ പ്രഖ്യാപനം കൂടെ വന്നു കഴിഞ്ഞാല്‍ മുന്നണികള്‍ തമ്മിലുള്ള ശക്തമായ പോരിനാകും അരൂര്‍ വേദിയാവുക. 

click me!