
തിരുവനന്തപുരം: ഇലക്ട്രിക്കല്‍ ബി ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് മഞ്ചിമ പി. രാജുവാണ് തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കണ്ണൂര്‍ വിജിലന്‍സ് സംഘത്തിന്‍റെ പിടിയിലായത്. കണ്ണൂര്‍ പറശിനിക്കടവ് സ്വദേശിയുടെ പരാതിയിലാണ് നടപടി. ബി ക്ലാസ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ലൈസന്‍സിനായാണ് മഞ്ചിമ അപേക്ഷകനിൽ നിന്നും കൈക്കൂലി വാങ്ങിയത്.
കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയായ പരാതിക്കാരൻ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി നോക്കുന്നതിന് ബി-ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസിനായി 2025 ഡിസംബർ 10-ന് കേരളാ സ്റ്റേറ്റ് ഇലക്ട്രിക്കൽ ലൈസൻസിങ് ബോർഡിൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിന്മേൽ തുടർനടപടികൾ സ്വീകരിക്കേണ്ട തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ടായ മഞ്ചിമ പി രാജു പരാതിക്കാരനെ ഫോണിൽ വിളിച്ച് 6,000/- രൂപ കൈക്കൂലി നൽകിയാൽ മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളുവെന്ന് അറിയിച്ചു. തുടർന്ന് വാട്സ്ആപ്പ് ചാറ്റ് വഴിയും കൈക്കൂലി ആവശ്യപ്പെടുകയും 24ന് രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ച് കൈക്കൂലി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് പറശിനിക്കടവ് സ്വദേശി കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കി. ഇന്ന് തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ പരാതിക്കാരനില്‍ നിന്നും 6,000 രൂപ കൈക്കൂലി വാങ്ങവെ മഞ്ചിമ പി. രാജുവിനെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ തലശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഈ വർഷം നാളിതുവരെ 56 ട്രാപ്പ് കേസുകളിൽ നിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ 75 പ്രതികളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതിൽ 19 കേസുകളുള്ള റവന്യു വകുപ്പും, 12 കേസുകൾ ഉള്ള തദ്ദേശസ്വയംഭരണ വകുപ്പും, 6 കേസുകൾ ഉള്ള പോലീസ് വകുപ്പുമാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്. വിദ്യാഭ്യാസ വകുപ്പിലും, കെ. എസ്. ഇ. ബി യിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 13 ട്രാപ്പ് കേസുകളുമാണ് 2025-ൽ വിജിലൻസ് ഇതുവരെ പിടിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam