ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തലയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെജി ബിജുവിനെയും ഏജന്റിനെയും വിജിലൻസ് പിടികൂടി. വർഷങ്ങളായി നിരീക്ഷണത്തിലായിരുന്ന ബിജുവിനെതിരെ അനധികൃത സ്വത്തുസമ്പാദന കേസും നിലവിലുണ്ട്.  

ചേർത്തല: ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ചേർത്തല ജോയിന്റ് ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെജി ബിജുവിനെയും ഏജന്റ് ജോസിനെയും റിമാൻഡ് ചെയ്തു. കോട്ടയം വിജിലൻസ് കോടതിയാണ് ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു നാടകീയമായ അറസ്റ്റ് നടന്നത്.

തണ്ണീർമുക്കം സ്വദേശിയായ ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് വിജിലൻസ് കുടുക്കിയത്. പരാതിക്കാരനിൽ നിന്ന് ഏജന്റ് കൈപ്പറ്റിയ തുക, എംവിഐ ബിജുവിന്റെ ചേർത്തലയിലെ വീട്ടിലെത്തി കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം ഇരുവരെയും കൈയോടെ പിടികൂടിയത്. ബിജുവിനെതിരെ വകുപ്പുതലത്തിലും പൊതുജനങ്ങൾക്കിടയിലുമായി മുപ്പതോളം പരാതികൾ നിലവിലുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആറു വർഷമായി ബിജു വിജിലൻസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. സർവീസിന്റെ ഭൂരിഭാഗവും ചേർത്തലയിൽ തന്നെ ജോലി ചെയ്യാൻ ഇയാൾക്ക് ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നതായും ആരോപണമുണ്ട്. തിരുവല്ല പൊടിയാടിയിൽ നിർമ്മിക്കുന്ന ആഡംബര വീട്, ബന്ധുക്കളുടെ പേരിൽ നടത്തുന്ന പുകപരിശോധന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് അനധികൃത സ്വത്തുസമ്പാദന കേസിന്റെ ഭാഗമായി അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, ബിജുവിനെ ഉദ്യോഗസ്ഥ പകയുടെ പേരിൽ കുടുക്കിയതാണെന്ന് ആരോപിച്ച് ഒരു വിഭാഗം ഡ്രൈവിംഗ് സ്കൂൾ ഉടമകൾ രംഗത്തെത്തിയിട്ടുണ്ട്. ഇവർ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതായും വിവരമുണ്ട്.