തിരുവനന്തപുരം നഗരത്തിലും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ശ്രീകാര്യത്ത് കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി അപകടമുണ്ടായതിന് പിന്നാലെ, ജില്ലയിൽ ഇതുവരെ 700 പന്നികളെ കൊന്നതായി അധികൃതർ അറിയിച്ചു. 2025 മെയ് 31 മുതൽ നാളിതുവരെയുള്ള കണക്കാണിത്.
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലും കാട്ടുപന്നി ശല്യം. കഴിഞ്ഞ ദിവസം ശ്രീകാര്യത്തിന് സമീപം കണ്ട കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി അപകടമുണ്ടായിരുന്നു. പരിക്കേറ്റ നിലയിൽ സമീപത്തെ കാട്ടിൽ കണ്ടെത്തിയ പന്നിയെ പിന്നീട് വനം വകുപ്പും നാട്ടുകാരും പരിശോധനയ്ക്കെത്തിയപ്പോൾ കാണാതായി. ഏത് വാഹനമാണ് ഇടിച്ചതെന്ന് അറിയില്ലെന്നും പ്രദേശത്ത് അടുത്തിടെയായി കാട്ടുപന്നി ശല്യമുണ്ടെന്നും നാട്ടുകാർ പറയുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ജില്ലയിൽ ഇതുവരെ 700 കാട്ടുപന്നികളെ കൊന്നതായാണ് കണക്ക്. 2025 മെയ് 31 മുതൽ നാളിതുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം 134 കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്.
തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി അധികാരമേറ്റതോടെ ജനജാഗ്രത സമിതികൾ കൂടുതൽ പ്രവർത്തന സജ്ജമാക്കാനും പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കുന്നതിനായി കൂടുതൽ വോളണ്ടിയേഴ്സിന് ട്രെയിനിങ് നൽകാനും ഇന്ന് ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗം നിർദേശിച്ചു. മലയോര മേഖലകളിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനും മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് സർക്കാർ അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നതിന് പഞ്ചായത്തുകൾക്കും കൃഷി വകുപ്പിനും നിർദ്ദേശവും നൽകി. നന്ദിയോട്, വിതുര, പെരിങ്ങമല ഭാഗങ്ങളിൽ കാട്ടു പോത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ജീവനു ഭീഷണിയുള്ള സാഹചര്യം നിലവിലെന്നും യോഗം വിലയിരുത്തി.


