പുല‌ർച്ചെ വലിയ ശബ്ദം കേട്ടുണ‌‌ർന്ന് നോക്കി, പുറത്ത് മുഴുവൻ അരി ചിതറിക്കിടക്കുന്നു; വ്യത്യസ്തമായ 'റെയ്ഡിൽ' ആശങ്കയോടെ ജനങ്ങൾ

Published : Aug 08, 2025, 07:27 AM IST
Wayanad Elephant

Synopsis

വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലെ ഗൂഢല്ലൂർ മാങ്കേറേഞ്ചിൽ റേഷൻ കട തകർത്ത് ഏഴ് ചാക്ക് അരിയും ഒരു ചാക്ക് പഞ്ചസാരയും  അകത്താക്കി കട്ടക്കൊമ്പൻ എന്ന ആന. 

സുല്‍ത്താന്‍ബത്തേരി: ഇടുക്കി ചിന്നക്കനാലില്‍ റേഷന്‍ അരി തിന്നാനെത്തിയിരുന്ന അരിക്കൊമ്പന്റെ കഥകള്‍ അവസാനിച്ചിട്ട് അധികനാളായില്ല. സമാനരീതിയില്‍ മറ്റൊരു അരിക്കൊമ്പന്‍ ജന്മമെടുക്കുകയാണോ എന്ന സംശയത്തിലാണ് വയനാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരി ജില്ലയിലുള്‍പ്പെട്ട ഗൂഢല്ലൂര്‍ മാങ്കേറേഞ്ചിലെ ആളുകള്‍. 'കട്ടക്കൊമ്പന്‍' എന്ന് പ്രദേശവാസികള്‍ പേരിട്ട ആന കഴിഞ്ഞ ദിവസം ഇവിടെയുള്ള ഒരു റേഷന്‍കട തകര്‍ത്ത് അകത്താക്കിയത് ഏഴ് ചാക്ക് അരിയും ഒരു ചാക്ക് പഞ്ചസാരയും. ഗൂഡല്ലൂര്‍-സുല്‍ത്താന്‍ബത്തേരി അന്തര്‍ സംസ്ഥാന പാത കടന്നുപോകുന്ന മാങ്കോറേഞ്ചിലെ കടയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആന എത്തിയത്. കാട്ടാന റേഷന്‍കട തകര്‍ക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്ന സമീപവാസികള്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. 

വനംവകുപ്പ് എത്തുമ്പോഴേക്കും ഏഴുചാക്ക് അരിയും ഒരു ചാക്ക് പഞ്ചസാരയും കൊമ്പന്‍ അകത്താക്കി കഴിഞ്ഞിരുന്നു. സംഭവമറിഞ്ഞ് രാവിലെ താലൂക്ക് സപ്ലൈ ഓഫീസര്‍ വിജയന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും സാധനങ്ങള്‍ ആന ഭക്ഷിച്ചതായി വ്യക്തമായത്. കടയുടെ പുറത്തെല്ലാം അരി ചിതറിക്കിടക്കുന്ന നിലയിലാണ്. ഓഗസ്റ്റ് മാസം വിതരണം ചെയ്യേണ്ട സാധനങ്ങളാണ് നശിപ്പിച്ചത്. പുതുക്കിപ്പണിത കെട്ടിടത്തിലേക്ക് മാറ്റിയ റേഷന്‍കടയ്ക്ക് നേരെ മുമ്പും കാട്ടാന ആക്രമണമുണ്ടായിരുന്നതായി നാട്ടുകാര്‍ അറിയിച്ചു. അരിയും പഞ്ചസാരയും അകത്താക്കിയതിനാല്‍ ചിന്നക്കനാലിലെ അതേ ഗതികേട് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. അരി തേടി തുടര്‍ന്നുള്ള ദിവസങ്ങളിലും കട്ടക്കൊമ്പന്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരന്തരം ശല്യമുണ്ടാക്കിയ അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടി മാറ്റുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി