
കല്‍പ്പറ്റ: നല്ല നടപ്പിന്റെ ലക്ഷണം കണ്ട് ഒരു മാസം മുമ്പ് പുറത്തിറക്കിയ കല്ലൂര്‍ കൊമ്പനെ വീണ്ടും ആനപന്തിയിലെ തടവറയിലാക്കി. പന്തിയില്‍ നിന്ന് പുറത്തിറക്കി ആനയെ കാട്ടില്‍ വിട്ടിരുന്നു. എന്നാല്‍ പരിശീലനത്തിനിടെ കെട്ടിയിരുന്ന ചങ്ങലയുടെയും വടത്തിന്റെയും മുറുക്കം മൂലമുണ്ടായ വ്രണവും മദപ്പാടുമാണ് കൊമ്പനെ വീണ്ടും ആനക്കൊട്ടിലിലെത്തിച്ചത്.
മൂന്ന് ആഴ്ചയിലേറെയായി ആന മദപ്പാട് കാണിക്കുന്നുണ്ട്. മരുന്ന് വെച്ച് വ്രണം ഭേദമാക്കാനുള്ള ശ്രമം ആരംഭിച്ചു. മുത്തങ്ങ പന്തിക്കടുത്ത് കാട്ടില്‍ തളച്ചിരുന്ന കൊമ്പനെ രണ്ടു തവണ മറ്റു കാട്ടാനകള്‍ ആക്രമിച്ചിരുന്നു. ഇതിനിടെയുണ്ടായ പരിക്കും ഭേദമാകാനുണ്ട്. ചങ്ങലയിലായത് കൊണ്ടും മദപ്പാടുള്ളതിനാലും ആനകളുടെ ആക്രമണം ഇനിയുമുണ്ടായാല്‍ നില കൂടുതല്‍ ഗുരുതരമാകുമെന്ന് കൂടി കണ്ടാണ് ആനയെ തിരിച്ച് കൂട്ടിലേക്ക് തന്നെ എത്തിച്ചതെന്ന് വനപാലകര്‍ പറഞ്ഞു.
രണ്ടുമാസത്തെ തടവറവാസത്തിന് ശേഷം ഒക്ടോബര്‍ 25നാണ് കല്ലൂര്‍ കൊമ്പനെ പുറത്തിറക്കിയത്. പ്രദേശത്തെ ഏറ്റവും അപകടകാരിയായ ആനയെന്ന് കണ്ട് അതീവ സുരക്ഷയോടെയായിരുന്നു കൂട്ടിന് വെളിയിലേക്ക് എത്തിച്ചത്. ചട്ടം പഠിപ്പിച്ചതിന് ശേഷം ആന അനുസരണ കാട്ടിയിരുന്നുവെന്ന് ഡോക്ടര്‍മാരും വനപാലകരും വിലയിരുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥയില്‍ കൂടുതല്‍ ചട്ടം പഠിപ്പിക്കല്‍ ഉണ്ടാകില്ല. ചികിത്സക്കാണ് മുന്‍ഗണന നല്‍കുന്നത്. ഡോ. അരുണ്‍സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊമ്പനെ ചികിത്സിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam