ചെട്ടികുളങ്ങരയിലെ ആയുധശേഖരം; സംഘര്‍ഷത്തിനുള്ള നീക്കമെന്ന് പോലീസ്

By Web TeamFirst Published Nov 26, 2018, 9:23 PM IST
Highlights

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കണ്ടെത്തിയ ബോംബ് നിര്‍മ്മാണത്തിനുള്ള സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും, പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശേഖരിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ്

മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കൃഷ്ണമ്മയുടെ പേളയിലെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലെ ബാത്ത് റൂമിനുള്ളില്‍ നിന്നും കണ്ടെത്തിയ ബോംബ് നിര്‍മ്മാണത്തിനുള്ള സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും, പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശേഖരിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പെട്രോള്‍ ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികള്‍, 2 ഗുണ്ട്, ലോഹ നിര്‍മിതമായ 5 പാത്രങ്ങള്‍ ഒന്നിച്ച് ചുറ്റിയ നിലയിലുള്ള, ബോംബ് പോലെ പ്രവര്‍ത്തിക്കുന്ന സ്‌ഫോടന സാമഗ്രി, 3 കത്തി, 5 ഇരുമ്പ് ദണ്ഡുകള്‍, മദ്യക്കുപ്പികള്‍ എന്നിവ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് കണ്ടെത്തിയത്. 

ഒരു ഇരുമ്പ് ദണ്ഡിന്റെ അഗ്രത്തില്‍ മുള്ളു കമ്പി ചുറ്റിയിരുന്ന നിലയില്‍ ആയിരുന്നു കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 2 ബൈക്കുകളിലായി നാലു പേര്‍ സംഭവ സ്ഥലത്ത് എത്തിയതായി അയല്‍വാസികളുടെ മൊഴിയുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘടിച്ച നാട്ടുകാരെ കണ്ട് സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് എസ്‌ഐ സി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. വിരലടയാള വിദഗ്ദരും സ്‌ഫോടക സാമഗ്രികളുടെ വിദഗ്ധരും പരിശോധന നടത്തും. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.  

click me!