
പാലക്കാട്: പാലക്കാട് അയ്യപ്പൻ വിളക്കിനിടെ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം പുളിങ്കാവിൽ അയ്യപ്പൻ വിളക്കിന് കൊണ്ടുവന്ന കുളക്കാടൻ മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആന ക്ഷേത്രം മേൽ ശാന്തിയുടെ വാഹനം മറിച്ചിടുകയും ചെയ്തു. ഒന്നരമണിക്കൂറിന് ശേഷമാണ് ആനയെ തളച്ചത്.
കഴിഞ്ഞ ദിവസം പാലക്കാട് കോട്ടോപ്പാടത്ത് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണമുണ്ടായി. രണ്ടു പേർക്ക് പരുക്കേറ്റിരുന്നു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ (40), കരടിയോട് വട്ടത്തൊടി അഫ്സൽ (30) എന്നിവരെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചക്ക് മൂന്നിനാണ് കാട്ടാന ജനക്കൂട്ടത്തിന്റെ സമീപം എത്തിയത്. അഫ്സലിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നെല്ലിക്കുന്ന് ഭാഗത്ത് വച്ച് അഫ്സലിന്റെ ഓട്ടോയ്ക്കു നേരെ പാഞ്ഞ് വരുന്നത് കണ്ട് അഫ്സൽ ഓട്ടോ നിർത്തി ചാടി ഇറങ്ങി റബർ തോട്ടത്തിലൂടെ ഓടി. ഓടുന്നതിനിടെ വീണു പരുക്കേറ്റു. ഇതിനു ശേഷമാണ് കാളപൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ആനയെത്തിയത്. ആ സമയത്ത് നൂറുകണക്കിനു ആളുകളും ഉച്ചഭാഷിണിയുടെ ശബ്ദവും ഉണ്ടായിരുന്നു.
കാളപൂട്ടിന് കൊണ്ടുവന്ന ഉരുക്കളെ കെട്ടിയ ഭാഗത്ത് നിൽക്കുന്നതിനിടെയാണ് ഹംസയുടെ നേരെ ആന പാഞ്ഞടുത്തത്. ഇതോടെ ഹംസ തിരിഞ്ഞോടി. ഓടുന്നതിനിടെ വീണ ഹംസയെ ആന കുത്തിയെങ്കിലും കൊമ്പില്ലാത്തതിനാൽ കൊണ്ടില്ല. അവിടെ നിന്ന് ഉരുണ്ട് നീങ്ങി താഴ്ചയിലേക്ക് ചാടിയതിനാല്‍ ഹംസ രക്ഷപ്പെട്ടു. ഇതുകണ്ട് കാളപൂട്ടിന് എത്തിയ ആൾക്കൂട്ടം ബഹളം വച്ചതോടെ ആന തിരിഞ്ഞോടി. പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ഓട്ടോ ഡ്രൈവർക്കു നേരെ ആന പാഞ്ഞടത്ത റോഡിലൂടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ നടന്നു പോകാറുള്ളതാണ്. സംഭവം അറിഞ്ഞ് വനംവകുപ്പ് അധികൃതർ സംഭവം അറിഞ്ഞ് ആശുപത്രിയിൽ എത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam