
ഇടുക്കി: കട പൊളിക്കാൻ കാടിറങ്ങുന്ന കൊമ്പനെക്കൊണ്ട് ജീവിതം വഴിമുട്ടിയിരിക്കുകയാണ് ഇടുക്കി സൂര്യനെല്ലി സ്വദേശി ചന്ദ്രൻ. തുടർച്ചയായ മൂന്നാം തവണയാണ് കാട്ടാന ചന്ദ്രന്‍റെ കട തകർത്തത്. ഇതോടെ കാട്ടാനകൾ നാട്ടിലിറങ്ങുന്നിത് തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.
ആറ് മാസത്തിനിടെ മൂന്നാം തവണയാണ് സൂര്യനെല്ലി ടൗണിലെ ചന്ദ്രന്‍റെ കട കാട്ടാന തകർക്കുന്നത്. എസ്റ്റേറ്റ് തൊഴിലാളിയായ ചന്ദ്രൻ ഓരോ തവണയും കടം വാങ്ങി കട പുതുക്കി പണിയും. പിന്നീടും കാട്ടനയെത്തും കട പൊളിച്ച് സാധനങ്ങൾ തിന്നും. കട പുതുക്കുന്നതിന് ചന്ദ്രൻ ഇതുവരെ ചെലവിട്ടത് ആറര ലക്ഷം രൂപയാണ്.
നാട്ടുകാർ മുറിവാലൻ കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാനാണ് സൂര്യനെല്ലി ടൗണിൽ നാശം വിതയ്ക്കുന്നത്. ആനയെ തുരത്തുന്നതിനുള്ള നടപടി എടുക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല. ഇതോടെയാണ് കൊവിഡ് നിയന്ത്രങ്ങൾക്കിടയിലും വ്യാപാരികളുടെ നേതൃത്വത്തിൽ നാട്ടുകാർ ഉപരോധ സമരം നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ എഴുപത്തൊന്ന് വയസുകാരനെ മുറിവാലൻ കൊമ്പൻ ചവിട്ടിക്കൊന്നിരുന്നു. ഇതുനിമിത്തം നേരം ഇരുട്ടിയാൽ ഭീതിയോടെയാണ് സൂര്യനെല്ലിയിലുള്ളവർ കഴിയുന്നത്. കാട്ടാനകളെ തുരത്തണമെന്നും നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ അടിയന്തര നടപടി എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam