
മലപ്പുറം: മുള തിന്നാനെത്തന്ന കാട്ടാനയെ കൊണ്ട് പൊറുതിമുട്ടി നാടുകാണി ചുരത്തിൽ മുള ലേലം ചെയ്തെടുത്തവർ. ചുരം മേഖലയിലെ പൂത്ത മുളകൾ വനം വകുപ്പ് വില്‍പ്പന നടത്തുന്നുണ്ട്. ഇവിടെയാണ് എളുപ്പത്തിൽ തീറ്റ ലഭിക്കുമെന്നതിനാൽ മോഴയാന പതിവായെത്തി മുള തിന്നുന്നത്. മുളകള്‍ ഓരോന്നായി എടുത്ത് ചവിട്ടിക്കൂട്ടി മൂപ്പ് നോക്കിയ ശേഷം ഇഷ്ടപ്പെട്ടത് നോക്കിയാണ് മോഴയാന കഴിക്കുന്നത്. ദിവസേന 50 ഓളം മുളകള്‍ ആന കഴിക്കുന്നു. ആനയുടെ ശല്യം കൂടിയതോടെ വെട്ടിയെടുത്ത മുള കാടുകളില്‍ നിന്ന് മാറ്റി റോഡരികിലേക്ക് കൂട്ടിയിട്ടു. എന്നാൽ ഇവിടെയും ആനയെത്തി. ലേലത്തിനെടുത്ത സ്വകാര്യ കമ്പിയുടെ 30 ഓളം തൊഴിലാളികൾ ഇവിടെ മുള വെട്ടുന്നുണ്ട്. വെട്ടിയെടുത്ത മുളകള്‍ ലോറിയില്‍ കയറ്റികൊണ്ടു പോവുന്നതിനായി കൂട്ടമായി ശേഖരിച്ചിട്ടിരിക്കുകയാണ്. ഈ മുളകളാണ് ആന ഭക്ഷിക്കുന്നത്. യാത്രക്കാര്‍ക്കോ, മുളവെട്ടുന്ന തൊഴിലാളികള്‍ക്കോ ഇവന്‍ ഭീഷണിയല്ല. പക്ഷെ, മുള ലേലം ചെയ്‌തെടുത്തവര്‍ക്ക് കനത്ത നഷ്ടവമാണ്.