കൊല്ലം: പത്തനാപുരത്ത് ആന ചരിഞ്ഞത് വേട്ടക്കാർ പൈനാപ്പിളിൽ വച്ച പടക്കം കടിച്ച്, പൊട്ടിത്തെറിച്ച് മുറിവേറ്റെന്ന് വനംവകുപ്പ്. സംഭവത്തിൽ മൂന്ന് പേരെ വനംവകുപ്പ് പിടികൂടി. പത്തനാപുരം പുന്നല സ്വദേശികളായ അനിമോൻ, രഞ്ജിത്, ശരത് എന്നിവരാണ് പിടിയിലായത്. കാട്ടിൽ വേട്ടയ്ക്ക് ഇറങ്ങിയ ഇവർ പൈനാപ്പിളിൽ പടക്കം നിറച്ച് വച്ചിരുന്നു. ഇവർ മ്ലാവിനെയും പന്നിയെയും വേട്ടയാടാൻ ഇറങ്ങിയതായിരുന്നു. ഇത് കടിച്ചാണ് ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് വനംവകുപ്പ് കണ്ടെത്തി. പിടിയിലായവരുടെ പക്കൽ നിന്ന് നാടൻ തോക്കും വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്.
''പ്രതികൾ പൈനാപ്പിൾ കഷ്ണങ്ങളാക്കി, അതിനകത്ത് പന്നിപ്പടക്കം വച്ച്, മ്ലാവിനെയും കാട്ടുപന്നിയെയും വേട്ടയാടുകയായിരുന്നു. ഇതിനിടെ യാദൃശ്ചികമായി ആന ഈ പൈനാപ്പിൾ കടിക്കുകയായിരുന്നു'', എന്ന് ഡിഎഫ്ഒ വ്യക്തമാക്കി.
കൊല്ലം പത്തനാപുരത്ത് അടുത്ത് കറവൂർ വനമേഖലയിൽ വായിൽ നിന്ന് മാംസം പുറത്ത് വന്ന നിലയിൽ തീരെ അവശനിലയിലാണ് ആനയെ കണ്ടെത്തിയത്. ഏപ്രിൽ 9-നാണ് ഗുരുതരമായി പരിക്കേറ്റ ഒരു ആന പത്തനാപുരം മേഖലയിൽ ഉണ്ടെന്ന് നാട്ടുകാർ വനം വകുപ്പിനെ അറിയിക്കുന്നത്. ആ സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി, ഡോക്ടർമാരെ കൊണ്ടുവന്ന് ആനയെ ചികിത്സിച്ചെങ്കിലും ഏപ്രിൽ 11-ന് ആന ചരിഞ്ഞു. തുടർന്നാണ് പാലക്കാട് അമ്പലപ്പാറയിൽ ഗർഭിണിയായ ആന പടക്കം പൊട്ടിത്തെറിച്ച് ചരിഞ്ഞ വാർത്ത പുറത്തുവരുന്നതും, ഇത് ദേശീയ ശ്രദ്ധ നേടുന്നതും.
തുടർന്ന് ഈ കേസിലും വനംവകുപ്പ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഈ പ്രദേശത്ത് കാട്ടുമൃഗങ്ങളെ വേട്ടയാടുന്നവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എട്ടോളം വീടുകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വനംവകുപ്പും, രഹസ്യാന്വേഷണ വിഭാഗവും പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ പിടിയിലായ ഒന്നാം പ്രതി അനിമോന്‍റെ വീട്ടിൽ നിന്ന് പന്നിപ്പടക്കവും തോക്കും വെടിമരുന്നും കണ്ടെടുത്തത്.
പിടിയിലായ പ്രതികളെല്ലാം നേരത്തേയും മൃഗവേട്ടയ്ക്ക് കേസുകൾ നേരിടുന്നവരാണ്. മലമ്പാമ്പിനെയും മറ്റും പിടിച്ച് കൊന്ന് അവയുടെ നെയ്യ് എടുത്ത് വിറ്റെന്ന കേസുകളടക്കം ഇവർക്ക് എതിരെയുണ്ട്. ഒന്നാം പ്രതിയായ അനിമോൻ മുമ്പ് വീട്ടിൽ പടക്കമുണ്ടാക്കാൻ ശ്രമിച്ച് അത് പൊട്ടിത്തെറിച്ച് കൈവിരലുകൾ നഷ്ടമായ ആളുമാണ്.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ഇവർ പല മൃഗങ്ങളെയും കൊന്ന് മാംസം വിറ്റ് പണമുണ്ടാക്കിയിട്ടുണ്ട്. ഇവരുടെ പക്കൽ നിന്ന് മാംസം വാങ്ങിയ എല്ലാവരും കേസിൽ പ്രതികളാകും. അവരെയെല്ലാം കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam