
കൊച്ചി: കോടനാട് അഭയാരണ്യത്തിലെ അഞ്ജന എന്ന ആനയെ കുങ്കിയാന പരിശീലനത്തിനായി കൊണ്ടു പോകാനുള്ള വനംവകുപ്പ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആനപ്രേമികളും നാട്ടുകാരും രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് ആനയെ കൊണ്ടു പോകുന്നത് വനംവകുപ്പ് മാറ്റി വച്ചു.
കോട്ടൂരിൽ നിന്ന് മൂന്ന് ആനകളെ കോടനാട്ടുള്ള അഭയാരണ്യത്തിൽ എത്തിച്ചിരുന്നു. ഇതിൽ രണ്ടെണ്ണത്തിനെ കഴിഞ്ഞ ദിവസം ഇവിടെ നിന്നും വയനാട്ടിലേക്ക് പരിശീലനത്തിനായി കൊണ്ടു പോയി. ശേഷിക്കുന്ന ഒരാനയെ കൊണ്ടു പോകാൻ രണ്ടു ലോറികൾ എത്തിയതാണ് പ്രതിഷേധത്തിനു കാരണമായത്.
കോട്ടൂരിൽ നിന്നെത്തിച്ച ആനക്കൊപ്പം അഭയാരണ്യത്തിലുള്ള അഞ്ജന എന്ന ആനയെ കൂടി കൊണ്ടു പോകാനായിരുന്നു വനം വകുപ്പിന്‍റെ തീരുമാനം. ആനകൾ ഇല്ലാതാകുന്നതോടെ കോടനാട്ടെ വിനോദ സഞ്ചാര സാധ്യത ഇല്ലാതാകുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
നാട്ടുകാരുടെ എതിർപ്പിനെ മറികടന്ന് നീലകണ്ഠനെന്ന ആനയെ കുങ്കിയാന പരിശീലനത്തിനായി വനം വകുപ്പ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും നീലകണ്ഠനെ തിരകെ കൊണ്ടുവന്നിട്ടില്ല. ഇതും പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് നാട്ടുകാരുമായി ചർച്ച നടത്തി. കോട്ടൂരിൽ നിന്നും കൊണ്ടു വന്ന ആനയെ മാത്രമേ കൊണ്ടു പോകുകയുള്ളു എന്ന് വനം വകുപ്പ് ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam