
തൃശൂർ: തൃശൂര്‍ മറ്റാപുറത്ത് ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു.കൊണ്ടാഴി സ്വദേശിയായ പാപ്പാന്‍ ബാബുരാജാണ് തിരുവമ്പാടി കുട്ടിശങ്കരന്‍റെ കുത്തേറ്റ് മരിച്ചത്. മറ്റൊരു പാപ്പാനായ ജിനീഷ് പരിക്കുകളോടെ ആശുപത്രിയിലാണ്. ചാൾസ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള ആനയാണ് തിരുവമ്പാടി കുട്ടിശങ്കരൻ. കുട്ടിശങ്കരന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പത്താമത്തേയാളാണ് ബാബുരാജ്.
പന്തല്ലൂര്‍ ക്ഷേത്രത്തില്‍ 2004 ലായിരുന്നു കുട്ടിശങ്കരന്‍റെ ആദ്യ എഴുന്നള്ളിപ്പ്. അതേവര്‍ഷം തൃപ്പൂണിത്തറ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടയില്‍ ഒന്നാം പാപ്പാന്‍ കുറ്റിക്കോടന്‍ നാരയണനെ കുട്ടിശങ്കരന്‍ കുത്തിക്കൊന്നു. അതിന് പിന്നാലെ 26 ദിവസത്തിനുള്ളില്‍ 26 ഇടത്ത് ഇടഞ്ഞ കുട്ടിശങ്കരന്‍ പേടിസ്വപ്നമായി മാറുകയായിരുന്നു.
കുട്ടിശങ്കരന് മദപ്പാട് കാലമായതിനാല്‍ ഇക്കഴിഞ്ഞ ഡിംസബറില്‍ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കുന്നതില്‍ വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കല്ലേറ്റുംകരക്ക് സമീപം ആളൂരിൽ എടത്താടൻ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് ശേഷം വെള്ളിയാഴ്ച തൈക്കാട്ടുശേരിയിലും കുട്ടിശങ്കരനെ എഴുന്നള്ളിച്ചു. എഴുന്നള്ളിപ്പിനിടയിൽ ആന അസ്വസ്ഥകൾ കാണിച്ചതിനെ തുടർന്ന് മറ്റാപുറത്ത് പറമ്പിൽ എത്തിക്കുകയായിരുന്നു. ഞായറാഴ്ച പന്തല്ലൂർ പൂരത്തിന് എഴുന്നള്ളിക്കാനും കരാറുണ്ടായിരുന്നു.
എഴുന്നള്ളിപ്പിന് മുമ്പ് ആനകളെ വനംവകുപ്പിന്‍റെ ഡോക്ടര്‍മാരുടെ പരിശോധനക്ക് വിധേയമാക്കി കളക്ടറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിബന്ധന ഉടമ പാലിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ഡിസംബർ ഒന്നിന് പൂതൃക്കോവിൽ പാർഥസാരഥിയും 17ന് മായന്നൂരിൽ ശങ്കരനാരായണനും ഇടഞ്ഞതിന് പിറകെയാണ് ഇന്നത്തെ സംഭവം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam