ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കി വനംവകുപ്പ്; ലോറി ‍ഡ്രൈവര്‍ അറസ്റ്റില്‍

By Web TeamFirst Published Jul 10, 2019, 4:01 PM IST
Highlights

 സംഭവത്തിൽ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തു. 

വയനാട്: മുത്തങ്ങയിൽ ഇന്നലെ രാത്രി ചരക്ക് ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാനയ്ക്ക് അധികൃതർ ചികിത്സ നൽകി. സംഭവത്തിൽ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന കാട്ടിലേക്ക് മാറിയപ്പോൾ ലോറിയുമായി ഡ്രൈവർ സ്ഥലം വിട്ടു. ഇതിനിടെ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനാൽ ചെക്ക് പോസ്റ്റിൽ വച്ച് ഉദ്യോഗസ്ഥർ ലോറി കസ്റ്റഡിയിലെടുത്തു.

രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേർന്ന് നടത്തിയ തിരിച്ചലിലാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന കാട്ടാനകളെ കുങ്കി ആനകളെ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് പരിക്കേറ്റ ആനയെ ചികിത്സിച്ചത്.

ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത വനംവകുപ്പ് ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആനയ്ക്ക് തുടർചികിത്സ ഉറപ്പാക്കുമെന്നും അതുവരെ നിരീക്ഷണം തുടരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 

click me!