
ഇടുക്കി: ആനശല്യത്തിൽ നിന്നും കൃഷി സംരക്ഷിക്കുവാൻ മറയൂരിൽ ആനമതിൽ നിർമ്മിക്കുന്നു. മറയൂർ പഞ്ചായത്തിൽ അടുത്തകാലത്തായി വര്‍ദ്ധിച്ച കാട്ടാന ശല്യം പ്രതിരോധിക്കുന്നതിന് വനാതിർത്തികളിൽ 1.8 കോടി രൂപ ചെലവിൽ ആനമതിൽ നിർമിക്കും. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ റേഞ്ചിൽ നിർമിച്ച ആനമതിലിന്റെ മോഡലില്‍ (ഊരാളുങ്കൻ മാതൃക) ആയിരിക്കും പാറക്കല്ലുകൾ കൊണ്ട് മതിൽ നിർമിക്കുക.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഐ.ഡി.ഡബ്ളു.എച്ച്. ഫണ്ടിൽ നിന്നാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഒന്നാംഘട്ടത്തിൽ 1.44 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 36 ലക്ഷം രൂപ രണ്ടാം ഘട്ടത്തില്‍ അനുവദിക്കും. കേരളത്തിലെ വിവിധ റേഞ്ചുകളിൽ ആനമതിൽ നിർമിക്കുന്നതിന് 10.86 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നിലമ്പൂർ നോർത്ത് റേഞ്ചിലാണ് കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്. 3.27 കോടി രൂപയാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. മറയൂരിൽ 1.8 കോടി രൂപയും. മറയൂരിൽ ചിന്നാർ വനാതിർത്തിയിലെ കരിമുട്ടി മുതൽ പാമ്പാർവരെയുള്ള മേഖലയിലാണ് ആനമതിൽ നിർമിക്കുക.
കൊട്ടിയൂർ റേഞ്ചിൽ ചെയ്തത് പോലെ ഐഐടി ഡിസൈനിലാണ് ആനമതിൽ നിർമിക്കുന്നത്. 2.10 മീറ്റർ ഉയരത്തിലും താഴെ 1.20 മീറ്റർ വീതിയിലും മുകളിൽ 60 സെന്റിമീറ്റർ വീതിയിലുമാണ് മതിൽ നിർമിക്കുന്നത്. ഓരോ അഞ്ച് മീറ്റർ ഇടവിട്ട് കോൺക്രീറ്റ് പില്ലറും മുകളിൽ കോൺക്രീറ്റ് ബെൽറ്റും നിർമിച്ച് മതിൽ ശക്തമാക്കും. ആനമതിൽ നിർമാണത്തിന് ആവശ്യമായ പാറക്കല്ലുകൾ പകുതി വനത്തിൽ നിന്നും ബാക്കി പുറത്ത് നിന്നും ശേഖരിക്കുവാനാണ് ലക്ഷ്യമിടുന്നത്.
കേന്ദ്രഫണ്ട് തുക അനുവദിച്ച് 2019 ഫെബ്രുവരി മൂന്നിന് ഇറക്കിയ ഉത്തരവിൽ മാർച്ച് 31-നകം ആനമതിലിന്റെ നിർമാണം പൂർത്തീകരിച്ചെങ്കിൽ മാത്രമേ ഒന്നാംഘട്ടത്തിൽ അനുവദിച്ച തുക നല്കുകയുള്ളൂവെന്ന നിർദേശവുമുണ്ട്. ഇത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചു. ഇതിനായി എസ്റ്റിമേറ്റ് എടുത്തുകഴിഞ്ഞു. ടെൻഡർ നടപടികൾ പൂർത്തികരിച്ച് എഗ്രിമെന്റ് വയ്ക്കുന്നതിന് മുമ്പ് സാങ്കേതികമായ തടസ്സം നീക്കി കിട്ടുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam