മൂന്നാര്‍ ടൗണില്‍ നാശംവിതച്ച് കാട്ടാനകള്‍; ലോക്ക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങി കാഴ്ച്ചക്കാരും, പ്രതിഷേധം

By Web TeamFirst Published May 26, 2020, 12:27 AM IST
Highlights

ന്നാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കാട്ടാനയെ കാണാന്‍ എത്തിയത് നൂറുകണക്കിന് ആളുകള്‍. അര്‍ധരാത്രിയിലെത്തിയ കാട്ടാന പുലര്‍ച്ചെവരെ മൂന്നാര്‍ ടൗണില്‍ നിലയുറപ്പിച്ചെങ്കിലും ആളുകള്‍ പിരിഞ്ഞുപോകാന്‍ തയ്യറായില്ല. 

ഇടുക്കി: മൂന്നാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കാട്ടാനയെ കാണാന്‍ എത്തിയത് നൂറുകണക്കിന് ആളുകള്‍. അര്‍ധരാത്രിയിലെത്തിയ കാട്ടാന പുലര്‍ച്ചെവരെ മൂന്നാര്‍ ടൗണില്‍ നിലയുറപ്പിച്ചെങ്കിലും ആളുകള്‍ പിരിഞ്ഞുപോകാന്‍ തയ്യറായില്ല. പൊലീസിന്റെ കനത്ത നിരീക്ഷണം നിലനില്‍ക്കെയാണ് ആളുകള്‍ മാസ്‌കുകള്‍ ധരിക്കാതെ പോലും ടൗണിന്‍ തടിച്ചുകൂടിയാത്.

കഴിഞ്ഞ മൂന്നുദിവസമായി എത്തുന്ന ആനകളുടെ ചേഷ്ടകള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതാണ് ജനക്കൂട്ടം എത്താന്‍ കാരണം. ആളുകള്‍ ശബ്ദം വെച്ചെങ്കിലും പഴക്കട പൂര്‍ണ്ണമായി തകര്‍ത്താണ് ആനകള്‍ മടങ്ങിയത്. വൈകുന്നേരങ്ങളില്‍ ടൗണിലെത്തുന്ന കാട്ടാനകള്‍ വ്യാപാരസ്ഥാപനങ്ങള്‍ തകര്‍ക്കുകയും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്യുകയാണ്. 

കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ ആനകളെ കാണാന്‍ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്. പെരിയവാര പാലത്തില്‍ കാട്ടാനകള്‍ എത്തിയതോടെ ഐ എന്‍ ടു സി ഓഫീസിന് സമീപത്തേക്ക് കൂട്ടമായി എത്തിയ ആളുകള്‍ കൂകിവിളിച്ചും ഒച്ചവെച്ചും ആനകളെ പിന്‍ തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പഴക്കട പൂര്‍ണ്ണമായി നശിപ്പിച്ച് പുലര്‍ച്ചയോടെയാണ് മടങ്ങിയത്. 

ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് സംഭവിച്ചതെന്ന് വ്യാപാരിയായ തങ്കച്ചന്‍ പറയുന്നു. കഴിഞ്ഞ രണ്ടുമാസമായി മൂന്നാര്‍ ടൗണില്‍ നിലയുറപ്പിച്ച കാട്ടാനകളെ തുരത്താന്‍ വനംവകുപ്പും നടപടികള്‍ സ്വീകരിച്ചിട്ടില്ല. രാത്രിയിലെത്തുന്ന കാട്ടാനകള്‍ മൂലം വ്യാപാരികള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാവുമ്പോഴും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധതങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്ററുടെ നേത്യത്വത്തില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് ധര്‍ണ നടത്തി. ധര്‍ണ മുന്‍ എംഎല്‍എ എകെ മണി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി സ്വാഗതം പറഞ്ഞു. സിദ്ദാര്‍ മൊയ്ദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നെല്‍സന്‍, രാജാറാം, റിയാസ്, ജ്യോതിറാം എന്നിവര്‍ പങ്കെടുത്തു.

click me!