മൂന്നാറിലെ ജനവാസകേന്ദ്രങ്ങള്‍ താവളങ്ങളാക്കി കാട്ടുകൊമ്പന്‍മാര്‍; ലോക്ക്ഡൗണിനിടയിലും തെരുവിലിറങ്ങി ജനങ്ങള്‍

By Web TeamFirst Published May 28, 2020, 8:50 PM IST
Highlights

മൂന്നാറിലെ ജനവാസകേന്ദ്രങ്ങള്‍ താവളങ്ങളാക്കി കാട്ടു കൊമ്പന്‍മാര്‍. കഴിഞ്ഞ ദിവസം പഴയമൂന്നാറിലെ മൂലക്കടയിലെത്തിയ കാട്ടാനകള്‍  മണിക്കൂറുകളോളമാണ് വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്.

ഇടുക്കി: മൂന്നാറിലെ ജനവാസകേന്ദ്രങ്ങള്‍ താവളങ്ങളാക്കി കാട്ടു കൊമ്പന്‍മാര്‍. കഴിഞ്ഞ ദിവസം പഴയമൂന്നാറിലെ മൂലക്കടയിലെത്തിയ കാട്ടാനകള്‍  മണിക്കൂറുകളോളമാണ് വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ സന്ധ്യ മയങ്ങിത്തുടങ്ങുമ്പോള്‍ നിശബ്ദമായിത്തുടങ്ങുന്ന മൂന്നാറിലെ ജനവാസകേന്ദ്രങ്ങളില്‍ ഇപ്പോള്‍ ശബ്ദമുഖരിതമാകുന്നത് കാട്ടാനകളുടെ ചിന്നം വിളികളോടെയാണ്. 

കഴിഞ്ഞ ദിവസങ്ങളില്‍ പതിവായി മൂന്നാര്‍ ടൗണിലെത്തി കുറുമ്പു കാട്ടിയ കൊമ്പന്‍മാര്‍ കഴിഞ്ഞ ദിവസം എത്തിയത് പഴയമൂന്നാറിലെ മൂലക്കടയിലെ ഏറ്റവും തിരക്കുള്ള ജനവാസമേഖലയില്‍. ഇവിടെയുള്ള വീടുകള്‍ക്കു മുന്നില്‍ നിലയുറപ്പിച്ച കാട്ടാന ഏറെ നേരം പ്രദേശവാസികളെ മുള്‍മുനയില്‍ നിര്‍ത്തി. വീടിനു മുറ്റത്തു നട്ടുപിടിപ്പിച്ച് പടര്‍ന്ന വള്ളിച്ചെടികളും മുറ്റത്തു നിന്നിരുന്ന പേരമരവുമെല്ലാം അകത്താക്കി നിന്നിരുന്ന കാട്ടാനയുടെ വാര്‍ത്ത കേട്ടതിനെ തുടര്‍ന്ന് നിരവധി പ്രദേശവാസികള്‍ എത്തുകയും ചെയ്തു. 

മൊബൈലില്‍ ചിത്രം പകര്‍ത്താന്‍ തിരക്കുപിടിച്ച് ആള്‍ക്കൂട്ടമായതോടെ സമീപത്തെ കുടുംബങ്ങളെല്ലാം ആശങ്കയിലായി. ആള്‍ക്കൂട്ടത്തില്‍ ബഹളം ഉച്ചത്തിയലായതോടെ കൊമ്പന്‍മാര്‍ അസ്വസ്ഥമാകുകയും അവിടെ നിന്നിരുന്ന ഓട്ടോ കൊമ്പു കൊണ്ട് ഉയര്‍ത്തുകയും ചെയ്തു. തിരക്കും ബഹളവും വര്‍ധിച്ചതോടെ പിന്നെ അവിടെ നിന്നും പ്രധാനപാതയിലെത്തി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമെത്തി. അവിടെ അല്പസമയം ചിലവഴിച്ച ശേഷം വീണ്ടും നടന്ന് പള്ളവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ടണല്‍ നിര്‍മ്മാണ മേഖലയില്‍ കടന്ന് കാടുകയറുകയും ചെയ്തു. 

കൊമ്പന്‍മാര്‍ മണിക്കൂറുകള്‍ ജനവാസമേഖലയില്‍ ചിലവഴിക്കുമ്പോഴും വനംവകുപ്പും പൊലീസുമെല്ലാം സംഭവസ്ഥലത്ത് എത്താത്തത് ആള്‍ക്കൂട്ടത്തിന് ഇടയാക്കുന്നുണ്ട്. കാട്ടാന എത്തിയതറിഞ്ഞ് വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

click me!