
കല്‍പ്പറ്റ: കൊവിഡിനൊപ്പം വന്യമൃഗങ്ങളെയും പേടിച്ചാണ് വയനാട്ടിലെ വനയോരഗ്രാമങ്ങളിലെ ജീവിതം. വേനല്‍മഴയില്‍ വനങ്ങള്‍ പച്ചപ്പണിഞ്ഞിട്ടും പഴുത്ത ചക്ക തേടി ആനകളെ നാട്ടിലിറങ്ങുകയാണ്. കാടിനടുത്ത് താമസിക്കുന്നവര്‍ക്ക് ചക്കക്കാലമെന്നാല്‍ ആനയെ പേടിച്ചുള്ള ജീവിതം കൂടിയാണ്. ഏറ്റവുമൊടുവില്‍ തോല്‍പ്പെട്ടി നരിക്കല്ലില്‍ തീറ്റ തേടി ജനവാസ പ്രദേശങ്ങളിലെത്തിയ ഒറ്റയാന്‍ വീട് തകര്‍ത്തു.
കാവുങ്കല്‍ കദീജയുടെ വീടാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഭാഗികമായി തകര്‍ന്നത്. രണ്ട് മണിയോടെയായിരുന്നു സംഭവം. ഈ സമയം വീടിനകത്ത് ആളുണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് രണ്ടരയോടെ സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ആന തിരിച്ച് കാട് കയറിയിരുന്നു.
നേരം പുലര്‍ന്നതിന് ശേഷം തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എംവി ജയപ്രസാദ്, തോല്‍പ്പെട്ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അബ്ദുല്‍ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ വനപാലക സംഘം വീടിന്റെ തകര്‍ന്ന ഭാഗം നന്നാക്കി നല്‍കി. പ്രദേശത്തെ കാട്ടാനശല്യം പരിഹരിക്കാന്‍ പട്രോളിങ് ശക്തമാക്കണമെന്ന് വനംവകുപ്പിനോട് ജനങ്ങള്‍ ആവശ്യപ്പെട്ടു. അതേ സമയം തമിഴ്‌നാട്ടില്‍ ജനവാസ പ്രദേശങ്ങളിലേക്ക് ആനയിറങ്ങാതിരിക്കാന്‍ വനംവകുപ്പ് തന്നെ ചക്ക മുഴുവന്‍ നശിപ്പിക്കുകയാണ്.
പച്ചച്ചക്കവരെ വനപാലകസംഘമെത്തി വെട്ടിനശിപ്പിച്ചിരുന്നു. കാട്ടാനകള്‍ പുരയിടങ്ങളിലെത്തുന്നത് ഏത് വിധേനയും തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു വീട്ടുകാരുടെ കൂടി അനുവാദത്തോടെ പ്രവൃത്തി നടപ്പാക്കിയത്. കഴിഞ്ഞ മാസങ്ങളില്‍ രണ്ട് വീടുകള്‍ കാട്ടാനകള്‍ എത്തി നശിപ്പിച്ചതോടെയാണ് വനംവകുപ്പ് ഈ തീരുമാനത്തിലെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam