മലപ്പുറത്ത് 'നിയമം വിട്ടു കളിച്ച' വണ്ടി ഫ്രീക്കൻമാർക്ക് കിട്ടിയത് ഭീമൻ പിഴ, കുട്ടി ഡ്രൈവർമാർക്കും കടുത്ത പണി

By Web TeamFirst Published Sep 15, 2022, 6:42 PM IST
Highlights

ഇരുചക്ര വാഹനങ്ങളില്‍ ഘടനാപരമായ മാറ്റം വരുത്തി കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ഹരം കണ്ടെത്തുന്ന ഫ്രീക്കന്മാർക്ക് പൂട്ടിട്ട് മാട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം

മലപ്പുറം: ഇരുചക്ര വാഹനങ്ങളില്‍ ഘടനാപരമായ മാറ്റം വരുത്തി കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ഹരം കണ്ടെത്തുന്ന ഫ്രീക്കന്മാർക്ക് പൂട്ടിട്ട് മാട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ഇഷ്ടത്തിനനുസരിച്ച് സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹന യാത്രക്കാര്‍ക്കും ഭീഷണിയാവുന്ന രൂപത്തില്‍ റൈസിംഗ് നടത്തുന്നവര്‍ക്കുമെതിരെയുമാണ് വാഹനവകുപ്പിന്റെ കര്‍ശന പരിശോധന.

കഴിഞ്ഞ മാസം മലപ്പുറത്ത് നടത്തിയ വാഹനീയം പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് പൊതുജനങ്ങളില്‍ നിന്ന് കിട്ടിയ പരാതികളില്‍ പ്രധാനമായിട്ടും അമിത ശബ്ദം പുറപ്പെടുവിച്ച് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ചിള്ള ബുദ്ധിമുട്ടുകളെ സംബന്ധിച്ചായിരുന്നു. ഇതില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ മന്ത്രി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ സൈലന്‍സര്‍ രൂപമാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിച്ച 209 ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

നിയമത്തെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയ മറ്റ് വാഹനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ കൂച്ചുവിലങ്ങിട്ടു.  ലൈസന്‍സില്ലാതെ വാഹനം ഓടിച്ചത് 181, ഇന്‍ഷൂറന്‍സില്ലാതെ വാഹനം ഓടിച്ചത് 259, ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചത് 2468, ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചത് 82, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര 74, തുടങ്ങി 2768 കേസുകളിലായി 58,04,960 രൂപ പിഴ ചുമത്തി. ജില്ലയിലെ സംസ്ഥാന, ദേശീയപാതകള്‍ കേന്ദ്രീകരിച്ചാണ്  രാപ്പകല്‍ വിത്യസമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ. ഒ പ്രമോദ് കുമാര്‍ പറഞ്ഞു.

Read more: കൃത്യമായ പ്ലാനിങ്, പ്രത്യേക രീതി, ആധുനിക ഉപകരണ ശേഖരം, വെങ്ങാട്ടെ കവർച്ചയിൽ കൊപ്ര ബിജുവും സംഘവും പിടിയിൽ

കുട്ടി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ നടപടി

മലപ്പുറം :  നിരത്തില്‍ ചീറിപ്പായുന്ന കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ഇരുചക്രവാഹനം ഉപയോഗിച്ച് നിരത്തിലിറങ്ങിയ 13 വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ച്‌പേരുടെ രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. കോട്ടക്കല്‍ സ്വദേശിയായ രണ്ട് പേര്‍, കൊണ്ടോട്ടി, വണ്ടൂര്‍, മഞ്ചേരി സ്വദേശികള്‍ക്കെതിരെയാണ് നടപടിയെടുത്തത്. രക്ഷിതാക്കള്‍ക്ക് 25,000 രൂപ പിഴ ചുമത്തി തുടര്‍നടപടികള്‍ക്കായി കേസ് കോടതിയില്‍ സമര്‍പ്പിച്ചു.

നിലവിലുള്ള നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി വാഹനം ഓടിച്ചാല്‍ കുട്ടിയുടെ രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ തടവോ,25,000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്. അതിന് പുറമേ ഇത്തരം നിയമലംഘനങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് 25 വയസ്സുവരെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയില്ല. കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ 12 മാസത്തേക്ക് റദ്ദാക്കുന്നതിന് രജിസ്റ്ററിംഗ് അതോറിറ്റിക്ക് അധികാരവുമുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമലംഘനത്തിന് പിഴയടച്ച് കേസ് തീര്‍പ്പാക്കുന്നതിന് പകരം കോടതികള്‍ വഴി രക്ഷിതാക്കള്‍ക്കെതിരെയും വാഹന ഉടമകള്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ ആര്‍ ടി ഒ. ഒ പ്രമോദ് കുമാര്‍ പറഞ്ഞു

click me!