
അഴീക്കോട്: മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു. കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായി അഴീക്കോട് വടക്ക് പടിഞ്ഞാറ് ആഴക്കടലിൽ കുടുങ്ങിയ മുനമ്പം പള്ളിപ്പുറം സ്വദേശി ഒബ്സർട്ട് ആൻ്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂവിൻ മേരി എന്ന ബോട്ടാണ് കരക്കെത്തിച്ചത്. ബോട്ടിൽ എട്ട് മത്സ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
രാവിലെ എട്ടു മണിയോടുകൂടിയാണ് ബോട്ട് കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യേഗസ്ഥരായ ഷൈബു, പ്രശാന്ത് കുമാർ വി എൻ, ഷിനിൽകുമാർ റസ്‌ക്യൂ ഗാര്‍ഡുമാരായ,ഷിഹാബ്, ഫസൽ ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം ,എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
തൃശൂര്‍ കയ്പമംഗലത്ത് വഞ്ചിപ്പുര ബീച്ചില്‍ മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. കയ്പമംഗലം സ്വദേശി കോഴിശേരി നകുലൻ (50) ആണ് പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്ച്ചുകുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനു ശേഷം മീനുമായി കരയിലേയ്ക്ക് കയറുകയായിരുന്ന കോഴി പറമ്പിൽ ഗണേശന്റെ ഉടമസ്ഥതയിലുള്ള ആദിപരാശക്തി എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
കരയോട് 50 മീറ്റർ അകലെ വെച്ച് തിരമാലയില്‍പെട്ട് മറിയുകയായിരുന്നു. നകുലനുള്‍പ്പെടെ ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. കരയിലുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വള്ളം ദേഹത്തേക്ക് മറിഞ്ഞാണ് നകുലന് തണ്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. വള്ളത്തിലുണ്ടായിരുന്ന മീനും വലയ്ക്കും എഞ്ചിനും നാശനഷ്ടമുണ്ട്. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞിരുന്നു.