
തൃശൂര്‍: യുവതിയെ ആക്രമിച്ച കേസിലെ പ്രതിയെ പീച്ചി പൊലീസ് പിടികൂടി. മണ്ടി, മൂരി എന്നീ വിളിപ്പേരുകളുള്ള നിശാന്തിനെ (30) യാണ് പീച്ചി സ്റ്റേഷന്‍ ഫൗസ് ഓഫീസര്‍ ബിബിന്‍ ബി. നായര്‍ പിടികൂടിയത്. കഴിഞ്ഞ 22-ാം തീയതി പട്ടിക്കാട് പീച്ചി റോഡിലുള്ള പീച്ചീസ് ഹോസ്പിറ്റലില്‍വച്ച് പീച്ചി സ്വദേശിനിയുടെ കഴുത്തില്‍ കയറിപ്പിടിച്ച് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
പീച്ചി സ്വദേശിയായ യുവാവിനെ നിശാന്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് പീച്ചീസ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രിയില്‍ കയറി നിശാന്ത് ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവാവിന്റെ ഭാര്യയെ ഇയാള്‍ കഴുത്തില്‍ കയറി പിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഒല്ലൂര്‍ എ സി പി പി എസ് സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നിശാന്തിനെ തൃശൂരില്‍വച്ച് പിടികൂടുകയായിരുന്നു. പൊലീസിനെ ആക്രമിച്ച കേസിലും വധശ്രമ കേസിലും നിരവധി അടിപിടി കേസിലും മണ്ണുത്തി, പീച്ചി, ഒല്ലൂര്‍ സ്റ്റേഷനുകളിലായി ഒമ്പത് കേസുകള്‍ നിശാന്തിന്റെ പേരിലുണ്ട്. സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍പ്പെട്ട ആളാണിയാള്‍. എസ് ഐ. അജികുമാര്‍, സി പി ഒമാരായ റഷീദ്, അഭിജിത്ത്, മഹേഷ്, വനിതാ പൊലീസുകാരായ ശില്പ, ആശ, ഹോം ഗാര്‍ഡ് ഫിലിപ്പ്കുട്ടി എന്നിവരും ഇയാളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
അതേസമയം, തിരുവനന്തപുരത്ത് കടയിൽ ബിസ്കറ്റ് വാങ്ങാൻ എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് (70) പിടിയിലായത്. ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണൻ നായർ നടത്തിവരുന്ന കടയിൽ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് ചിതറ പൊലീസിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam