
കോട്ടയം: ഈരാറ്റുപ്പേട്ട നഗരസഭ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജയിച്ചെങ്കിലും ഉടൻ രാജിവച്ചു. എൽഡിഎഫ് സ്ഥാനാർഥി ലൈലാ പരീത് ആണ് ചെയർപേഴ്സൺ ആയി വിജയിച്ച ഉടനെ തന്നെ രാജിവച്ചത്. എസ്‌ഡിപിഐ വോട്ടിന്റെ പിന്തുണയിലായിരുന്നു ലൈല പരീത് വിജയിച്ചത്. ഇത്തരത്തിൽ എസ്ഡിപിഐയുടെ പിന്തുണയോടെ അധികാരത്തിൽ തുടരേണ്ടതില്ലെന്ന പാർട്ടി തീരുമാനത്തെ തുടർന്നാണ് രാജിയെന്നാണ് വിശദീകരണം.
മുസ്ലീം ലീഗിലെ വിഎം സിറാജും എൽഡിഎഫ് സ്ഥാനാർത്ഥി ലൈലൈ പരീതും തമ്മിലായിരുന്നു ഇന്ന് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ചത്. യുഡിഎഫിന് 12 വോട്ടും, എൽഡിഎഫിന് 14 വോട്ടും ലഭിച്ചു. ഇതിന് പിന്നാലെ ലൈലൈ പരീത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇതിന് പിന്നാലെയായിരുന്നു രാജി.
28 വാര്‍ഡുകളാണ് ഈരാറ്റുപേട്ട നഗരസഭയിലുള്ളത്. മുഖ്യകക്ഷിയായ മുസ്ലീം ലീഗിന് 9 വാർഡംഗങ്ങളും കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. രണ്ടും ചേർത്ത് യുഡിഎഫിന് ആകെയുള്ളത് 12 അംഗങ്ങൾ. എൽഡിഎഫിന് പത്ത് അംഗങ്ങളുണ്ട്, എസ്ഡിപിഐക്ക് നാലംഗങ്ങളും ജനപക്ഷത്തിന് രണ്ട് അംഗങ്ങളും വീതമുണ്ട്. ജനപക്ഷത്തിന്‍റെ രണ്ടംഗങ്ങളും വിട്ട് നിൽക്കുകയായിരുന്നു.
എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച് സത്യപ്രതിജ്ഞയും ചെയ്ത ശേഷം രാജി വച്ചത് എൽഡിഎഫിന്‍റെ രാഷ്ട്രീയ കോമാളിത്തരമാണ് കാണിക്കുന്നതെന്ന് എസ്ഡിപിഐ പ്രതികരിച്ചു. എന്‍ഡിഎ മുന്നണിയിലെ ജനപക്ഷത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന എസ്ഡിപിഐ ആവശ്യം എല്‍ഡിഎഫ് അംഗീകരിച്ചതുകൊണ്ടാണ് പിന്തുണ നല്‍കിയതെന്നാണ് എസ്ഡിപിഐ നേതാക്കൾ പറയുന്നത്.
ഇരു കക്ഷികളും തമ്മിൽ ധാരണയുണ്ടാക്കിയതിന് ശേഷം രാജിവെച്ച് സിപിഎം രാഷ്ടീയ കോമാളിത്തം കളിക്കുകയാണെന്നാണ് ആക്ഷേപം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam