'കരുതല്‍' മൂന്നാം തരംഗത്തിനെതിരെ; എറണാകുളം ജില്ലാ ഭരണകൂടത്തിന്‍റെ ബോധവത്കരണ പരിപാടി

By Web TeamFirst Published Aug 14, 2021, 1:15 PM IST
Highlights

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആരോഗ്യ വകുപ്പ് ശക്തമായി തുടരുകയാണ്. മൂന്നാം തരംഗത്തിനെതിരെയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് എറണാകുളം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 
 

റണാകുളം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി മൂന്നാം കൊവിഡ് തരംഗം പ്രതിരോധിക്കാന്‍ കരുതല്‍ എന്ന ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. പ്രശസ്ത സ്പോര്‍ട്സ് കമന്‍റേറ്റര്‍ ഷൈജു ദാമോദരന്‍ അടക്കം പ്രമുഖര്‍ ഈ ബോധവത്കരണ പരിപാടിയില്‍ അണിനിരക്കുന്നു. തന്റെ സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുകയാണ് അദ്ദേഹം. 

നിങ്ങളിത് കാണുക, നിങ്ങളിത് ഓര്‍ക്കുക എന്ന് തുടങ്ങി പഞ്ച് ഡയലോഗുകള്‍ കൊണ്ട് ജനമനസ്സുകളിലേക്ക് ജാഗ്രതാ സന്ദേശമാണ് ഷൈജു ദാമോദരന്‍ പങ്കുവയ്ക്കുന്നത്. ഒരു കളിപറച്ചിലിന്റെ ആവേശമാണ് ഷൈജുവില്‍ നമുക്ക് കാണാന്‍ സാധിക്കുക. ഒന്നാം തരംഗവും രണ്ടാം തരംഗവും പ്രതിരോധിച്ചത് പോലെ മൂന്നാം തരംഗത്തിന്റെ മുനയൊടിക്കണമെന്ന് പറയുകയാണ് അദ്ദേഹം. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആരോഗ്യ വകുപ്പ് ശക്തമായി തുടരുകയാണ്. മൂന്നാം തരംഗത്തിനെതിരെയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് എറണാകുളം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 

ജാഗ്രതയ്ക്കര്‍ത്ഥം കരുതല്‍ എന്ന പ്രചരണഗാനവും ട്രെയിലറും ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു.  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രോള്‍ മത്സരം നടത്തി. ഒന്നാം സമ്മാനം അന്ന സെലീന്‍ ജോര്‍ജ്ജ്, രണ്ടാം സമ്മാനം ഫാസില്‍ പുളിക്കല്‍ എന്നിവര്‍ കരസ്ഥമാക്കി. കാര്‍ട്ടൂണിസ്റ്റായ ജീസ് പി പോളിന്റെ രചനയില്‍ സണ്ണി പി സോണറ്റ്  ആണ് ക്യാമ്പയിന്റെ അവതരണ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.  എന്‍. കെ കുട്ടപ്പന്‍ രചിച്ചു ആലപിച്ച കോവിഡ് ബോധവത്കരണ ഓട്ടന്‍തുള്ളല്‍ ബോധവത്കരണത്തിനായി ചിത്രീകരിച്ചിട്ടുണ്ട്.  കലാകായികരംഗത്ത് പ്രശസ്തരായ  വ്യക്തികളും ക്യാമ്പയിന്റെ ഭാഗമാകുന്നുണ്ട്.ക്യാമ്പയിന്റെ ഭാഗമായി കുട്ടികള്‍ക്കിടയില്‍ കോവിഡ് ബോധവത്ക്കരണം ശക്തമാക്കുന്നതിനായി അണ്ണാന്‍ കുഞ്ഞ് എന്ന പേരിലും ബോധവത്ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് .

ദേശീയ അവാര്‍ഡ് ജേതാവായ മാസ്റ്റര്‍ ആദിഷ് പ്രവീണ്‍ ആണ് കുട്ടികള്‍ക്കായുള്ള ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.  കോവിഡ്കാലത്ത് കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെയും ഒപ്പം അവരുടെ കഴിവുകള്‍ കോവിഡ് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ച് കൊണ്ട്  പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

click me!