പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രക്തപരിശോധനയിൽ പിഴവ്: 15000 നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

By Web TeamFirst Published Mar 27, 2021, 10:21 PM IST
Highlights

ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ  പ്ലേറ്റ് ലെറ്റ് കuണ്ടിൽ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തിൽ  വയോധികയായ രോഗിക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

തിരുവനന്തപുരം: ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ  പ്ലേറ്റ് ലെറ്റ് കuണ്ടിൽ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തിൽ  വയോധികയായ രോഗിക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 

ജില്ലാമെഡിക്കൽ ഓഫീസർ നഷ്ടപരിഹാരം നൽകിയ ശേഷം പ്രസ്തുത തുക ആവശ്യമെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്  ഉത്തരവിൽ പറഞ്ഞു.  

തുക  നൽകിയ ശേഷം രണ്ട് മാസത്തിനകം ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണം. 67 വയസ്സുള്ള പ്രസന്നയുടെ രക്ത പരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്.  ചെമ്മരുതി സ്വദേശിനി സ്വപ്നാ സുജിത് സമർപ്പിച്ച പരാതിയിലാണ് നടപടി.  സ്വപ്നയുടെ അമ്മ പ്രസന്നക്ക് തുക നൽകണമെന്നാണ് ഉത്തരവ്.  

പ്രമേഹരോഗ ചിക്ത്സയുടെ ഭാഗമായാണ് പ്രസന്നയുടെ പ്ലേറ്റ്ലെറ്റ് കൌണ്ട് ഇക്കഴിഞ്ഞ ജനുവരി 4-ന് ചെമ്പരുതി പ്രാഥമികാരോഗ്യ കേന്ദത്തിലെ ലാബിൽ പരിശോധിച്ചത്.  ഫലം വന്നപ്പോൾ 10,000 സെൽസ് മാത്രമാണ് കണ്ടെത്തിയത്.  ഒന്നര ലക്ഷം മുതൽ നാല് ലക്ഷംവരെയാണ് അവശ്യം വേണ്ട സെൽസ്.  

രോഗിക്ക് അടിയന്തിരമായി വിദഗ്ദ്ധ ചികിത്സ നൽകണമെന്ന നിർദ്ദേശത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ 1,82,000 സെൽസ് കണ്ടെത്തി.  ഇത് സംബന്ധിച്ച് പരാതി പറയാൻ ആശുപത്രിയിലെത്തിയ പരാതിക്കാരിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.  

കമ്മീഷൻ ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി.  ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലാബ് റിപ്പോർട്ട് തെറ്റാണെന്ന് കമ്മീഷൻ വിലയിരുത്തി.  തെറ്റായ റിപ്പോർട്ട് കാരണം പരാതിക്കാരുടെ മാതാവിന് കൊല്ലത്ത് വിദഗ്ദ്ധ ചികിത്സ തേടേണ്ടി വന്നു. ഇവർക്ക് മാനസിക വിഷമവും സാമ്പത്തിക നഷ്ടവുമുണ്ടായിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

click me!