വീടിന്റെ പിൻഭാഗത്തെ ഗ്രിൽ തകർത്ത് വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട് നിലയിലായിരുന്നു.
കൊല്ലം: ചുണ്ട ഫില്ല്ഗിരിയിൽ വൻ കവർച്ച. വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. ചുണ്ട അയനിവിളയിലുളള സലീനയുടെ വീട്ടിലാണ് മോഷണം നടന്നത്. ജോലിക്ക് പോയിരുന്ന സലീന തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ ബന്ധുവിനെ വിളിക്കുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ പിൻഭാഗത്തെ ഗ്രിൽ തകർത്ത് വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട് നിലയിലായിരുന്നു. സിസിടിവിയുടെ ഹാർഡ് ഡിസ്ക്കുൾപ്പെടെ മോഷ്ടാക്കൾ അപഹരിച്ചു. കടയ്ക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ചുള്ള ചില സൂചനകൾ ലഭിച്ചതായാണ് വിവരം.
കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
കിണറ്റിൽ വീണ യുവാവിനെയും രക്ഷിക്കാനിറങ്ങിയ അയൽവാസിയേയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കടയ്ക്കാവൂർ പഞ്ചായത്തിൽ തിനവിള അപ്പൂപ്പൻ നടയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നും സംസാരിച്ച സുനി എന്ന യുവാവാണ് കാൽവഴുതി കിണറ്റിൽ വീണത്. 30 അടി താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറായിരുന്നു ഇത്. വിവരമറിഞ്ഞ് അയൽവാസികൾ ഓടിക്കൂടി.
ഇതിൽ ചിലർ ഫയർഫോഴ്സിനെ വിളിച്ചു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ആറ്റിങ്ങൽ അഗ്നി രക്ഷാ സേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സി ആർ ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇതിനിടെയാണ് സുനിയെ രക്ഷപെടുത്താൻ അയൽവാസിയായ യുവാവും കിണറ്റിലിറങ്ങിയത്. ഇദ്ദേഹവും കിണരിൽ അകപ്പെട്ടു. ഇതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നെറ്റും റോപ്പും ഉൾപ്പടെ കിണറ്റിലേക്കിറക്കി ഇരുവരേയും കരക്കെത്തിച്ചു. കിണറിന്‍റെ ആൾമറ ചെറുതായതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വീഴ്ചയിൽ കൈക്ക് പരിക്കേറ്റ സുനിയെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ വലിയകുന്ന് ഗവൺമെൻ്റ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.


