
മാന്നാർ: ചെന്നിത്തല കൊലപാതകക്കേസിൽ ഡിസംബർ 15 മുതൽക്കെത്തന്നെ മാതാപിതാക്കളെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി മകനായ പ്രതി വിജയന്റെ മൊഴി. ഭൂമി സ്വന്തം പേരിലേക്ക് എഴുതി തരാതിരുന്നതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് വിജയൻ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. വീടിന് തീയിട്ടത് എങ്ങനെയെന്നും വിജയൻ പൊലീസിനോട് വിശദീകരിച്ചു.
രണ്ടിടങ്ങളിൽ നിന്ന് വാങ്ങിയ ആറ് ലിറ്റർ പെട്രോളുമായാണ് പ്രതി വീട്ടിലെത്തിയത്. ശേഷം മാതാപിതാക്കൾ ഉറങ്ങിയ മുറിയിൽ പെട്രോൾ തളിച്ചു. പിന്നീട് പേപ്പർ കത്തിച്ച് മുറിയിലേക്ക് ഇടുകയായിരുന്നു. ഇത് വീടാകെ പടരുകയുമായിരുന്നു. ഇന്ന് പുലർച്ചെയാണ് വീടിന് തീപിടിച്ച് ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവർ മരിച്ചത്. പൊള്ളലേറ്റായിരുന്നു ഇരുവരുടെയും മരണം.
തീപിടിത്തത്തിൽ തുടക്കം മുതൽ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. മകൻ ഒളിവിൽ പോയതായിരുന്നു സംശയം ബലപ്പെടുത്തിയത്. തുടർന്ന് വീടിന് സമീപത്തെ വയലിൽ നിന്നും വിജയനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിജയൻ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകൻ വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു.
ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എം പി മോഹന ചന്ദ്രൻ ഐ പി എസ്, ചെങ്ങന്നൂർ ഡി വൈ എസ് പി ബിനു കുമാർ എം കെ, മാന്നാർ എസ് എച്ച് ഒ യുടെ ചുമതല വഹിക്കുന്ന അനീഷ്, എസ്. ഐ അഭിരാം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയൻകുറ്റം സമ്മതിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam