
മാന്നാർ: ആലപ്പുഴ മാന്നാറിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വൃദ്ധ ദമ്പതികളെ കൊലപ്പെടുത്താൻ മകൻ വിജയൻ പല ദിവസങ്ങളിലായി പലയിടങ്ങളിൽ നിന്നായി ഏഴോളം കുപ്പികളിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചതായിട്ടാണ് വിവരം. പ്രായിക്കരയിലെ ഒരു പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുമുണ്ട്. മറ്റു പമ്പുകളിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്. കത്തിക്കരിഞ്ഞ വീടിനോട് ചേർന്നുള്ള ഒരു ഷെഡിൽ നിന്നും ഒരു കുപ്പിയിൽ പാതി പെട്രോൾ കണ്ടെത്തിയിരുന്നു. അടുക്കളയും ഒരു കിടപ്പ് മുറിയും ഇടനാഴിയുമുള്ള വീട്ടിൽ മാതാപിതാക്കൾ ഒരു മുറിയിലും വിജയൻ ഇടനാഴിയിലുമാണ് സാധാരണയായി കിടന്നിരുന്നത്.
മാതാപിതാക്കൾ കിടന്ന മുറിയിലേക്കും മറ്റും പെട്രോൾ ഒഴിച്ച ശേഷം ഇടനാഴിയിൽ നിന്ന് കൊണ്ട് തുണിയിൽ തീകത്തിച്ച് എറിയുകയായിരുന്നുവെന്നാണ് വിജയൻ പൊലീസിനോട് പറഞ്ഞത്. ഭാര്യയും രണ്ടു മക്കളുമായി വർഷങ്ങളായി അകന്നു കഴിയുന്ന വിജയൻ എണ്ണയ്ക്കാട്ടുള്ള ഒരുവാടക വീട്ടിലും പിന്നീട് കടത്തിണ്ണകളിലുമായി അലസ ജീവിതം നയിച്ച് വരവേ കഴിഞ്ഞ ഓഗസ്റ്റിലാണ് മാതാപിതാക്കളുടെ അടുത്തെത്തിയത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി വഴക്കിടാറുള്ള വിജയൻ തല്ലിക്കൊല്ലുമെന്ന് പറഞ്ഞ് മിക്കപ്പോഴും ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നത്.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിട്ടാറുള്ള വിജയൻ മാതാപിതാക്കളെ പലപ്പോഴും ഉപദ്രവിക്കാറുമുണ്ടായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മദ്യപിച്ചെത്തി വഴക്ക് കൂടിയ വിജയൻ പിതാവ് രാഘവനെ മർദ്ദിക്കുകയും കൈക്ക് പരിക്കേൽപ്പിക്കുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസിൽ വിജയനെതിരെ സഹോദരിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയനും മാതാപിതാക്കളും ഇന്നലെ രാവിലെ 10 ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam