
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മർദ്ദം. ജോലി കിട്ടാത്തതും വിവാഹ മോചന കേസ് നീണ്ടുപോകുന്നതും ഷൈനിയെ അസ്വസ്ഥയാക്കിയിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. അടുത്ത സുഹൃത്തിനോട് ഷൈനി ദുരനുഭവങ്ങൾ പറയുന്ന ശബ്ദ രേഖ കേസന്വേഷണത്തിനിടെ പുറത്തുവന്നു. കേസിൽ അറസ്റ്റിലായ ഷൈനിയുടെ ഭർത്താവ് നോബി ലൂക്കോസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് അടുത്ത സുഹൃത്തിന് ഷൈനി വാട്സാപ്പിൽ സന്ദേശം അയച്ചത്. 9 മാസം മുമ്പ് തൊടുപുഴയിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയത് മുതൽ ഷൈനി പലസ്ഥലങ്ങളിലും ജോലിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ മുൻപരിചയത്തിന്റെ കുറവ് മൂലം എവിടെയും പരിഗണന കിട്ടിയില്ല. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട ഷൈനിക്ക് ജോലി കിട്ടാത്തത് നിരാശ ആണ് ഉണ്ടാക്കിയത്. ഇതിനൊപ്പം വിവാഹമോചന കേസ് നീണ്ട് പോകുന്നതും മാനസിക പ്രയാസത്തിലേക്ക് നയിച്ചു.
ഭർത്താവ് നോബി ലൂക്കോസ് പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചതിനെ തുടർന്നാണ് ഷൈനി വീടുവിട്ടിറങ്ങിയതും വിവാഹമോചനത്തിന് നീങ്ങിയതും. വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഭർത്താവിന്റെ ഉപദ്രവം തുടർന്ന്. ഷൈനി മരിക്കുന്നതിന്റെ തലേന്ന് നോബി വാട്സ്ആപ്പ്ൽ ചില സന്ദേശങ്ങൾ അയച്ചിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള സന്ദേശമാണ് അയച്ചതെന്ന് നോബി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതാകാം പെട്ടെന്ന് മരണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ സംശയം.
നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻകാല കേസുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പൊലീസ് നോബിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. തൊടുപുഴയിലെ നാട്ടുകാരും ഷൈനി അനുഭവിച്ച പീഡനങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത് നോബി ലൂക്കോസിന് എതിരെ മാത്രമാണ്. കുടുംബാംഗങ്ങളായ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam