
കൽപറ്റ: വയനാട് കൽപറ്റയിൽ സെന്റ് ഓഫിന് ഓളമുണ്ടാക്കാൻ വാടകയ്ക്ക് എടുത്ത കാറുകളുമായി അഭ്യാസപ്രകടനം. കൽപറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കാറുമായി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനത്തെ തുടർന്ന് വാഹനം പൊലീസ് പിടിച്ചെടുത്തു. അപകടമുണ്ടാക്കുന്ന തരത്തിൽ തലങ്ങും വിലങ്ങും ഓടിച്ച ആറ് വാഹനങ്ങളാണ് കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയതിന് വിദ്യാർത്ഥികൾക്കെതിരെയും ആർ സി ഉടമകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
ഇന്നലെ വൈകുന്നേരം നാലുമണിക്ക് ശേഷമായിരുന്നു സംഭവം. ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സെൻറ് ഓഫ് ചടങ്ങിനു ശേഷം ആണ് ചില വിദ്യാർത്ഥികൾ കാറുമായി ഗ്രൗണ്ടിലേക്ക് എത്തിയത്. വാടകക്ക് എടുത്ത ആഡംബര കാറുകൾ വരെ കൂട്ടത്തിലുള്ളതായാണ് വിവരം. ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും അപകടകരമായ വിധത്തിൽ കാറുകൾ ഓടിക്കുകയായിരുന്നു. ചില അധ്യാപകരും സംഭവത്തിന് ദൃക്സാക്ഷികൾ ആയിരുന്നു. അതിവേഗത്തിൽ വാഹനം കറക്കി ഓടിക്കുന്നതിനിടയിൽ രണ്ടു കാറുകൾ കൂട്ടിയിടിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയിൽ ഉണ്ട്.
കാറുകൾ കൂട്ടിയിടിച്ചതോടെ സ്കൂൾ അധികൃതർ ഗേറ്റ് അടച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ആറു പേർക്കും ലൈസൻസ് ഉണ്ടെങ്കിലും നിയമലംഘനത്തിന് മുഴുവൻ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറുകളുമായി സ്കൂളിലേക്ക് വരരുതെന്ന് അധ്യാപകർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇത് മറികടന്നായിരുന്നു വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. സംഭവത്തിൽ ആർസി ഉടമകളേയും കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam