എസ്എഫ്ഐ പ്രവർത്തകരും മാനേജ്മെന്‍റും തമ്മിൽ തർക്കം; സിഎംഎസ് കോളേജിൽ പരീക്ഷാ നടത്തിപ്പ് വൈകി

By Web TeamFirst Published Mar 19, 2019, 11:42 PM IST
Highlights

വിദ്യാര്‍ത്ഥികൾക്കെതിരെ പ്രിൻസിപ്പാൾ നിയമ വിരുദ്ധമായി ഇടപെട്ടുവെന്നാണ് സിൻഡിക്കേറ്റ് കണ്ടെത്തൽ.  എന്നാൽ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനുള്ള രാഷ്ട്രീയ നാടകം അംഗീകരിക്കാനാകില്ലെന്ന് മാനേജ്മെന്‍റ് നിലപാടെടുത്തതോടെയാണ് എസ്എഫ്ഐയും കോളേജ് മാനേജ്മെന്‍റ് പ്രതിനിധികളും തമ്മിൽ രൂക്ഷമായ തർക്കം തുടങ്ങിയത്.
 

കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരും മാനേജ്മെന്‍റും തമ്മിലുള്ള തര്‍ക്കത്തെ തുടർന്ന് സര്‍വ്വകലാശാല പരീക്ഷ തുടങ്ങാൻ അരമണിക്കൂര്‍ വൈകി. റാംഗിംഗ് പരാതിയുടെ പേരിൽ സസ്പെൻഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന സിൻഡിക്കേറ്റ് ഉത്തരവ് നടപ്പാക്കാൻ കോളേജ് മാനേജ്മെന്‍റ് വിസമ്മതിച്ചതാണ്  തര്‍ക്കത്തിനിടയാക്കിയത്.

രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരുമായ ആശിഷ്, നീരജ് എന്നിവരെയാണ് റാംഗിംഗ് പരാതിയിൽ കോളേജ് സസ്പെൻഡ് ചെയ്തത്. എന്നാൽ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾ സിൻഡിക്കേറ്റിനെ സമിപിച്ചു. വിദ്യാർത്ഥികളുടെ പരാതി പരിശോധിച്ച സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികൾക്കെതിരെ പ്രിൻസിപ്പാൾ നിയമ വിരുദ്ധമായി ഇടപെട്ടുവെന്നായിരുന്നു സിൻഡിക്കേറ്റ് കണ്ടെത്തൽ. എന്നാൽ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനുള്ള രാഷ്ട്രീയ നാടകം അംഗീകരിക്കാനാകില്ലെന്ന് മാനേജ്മെന്‍റ് നിലപാടെടുത്തതോടെയാണ് എസ്എഫ്ഐയും കോളേജ് മാനേജ്മെന്‍റ് പ്രതിനിധികളും തമ്മിൽ രൂക്ഷമായ തർക്കം തുടങ്ങിയത്.

നടപടിയെടുത്ത വിദ്യാര്‍ത്ഥികൾ സ്ഥിരം പ്രശ്നക്കാരാണെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കോളേജ് മാനാജ്മെന്‍റ് ഗവേണിംഗ് കൗൺസിലിനെയും സിൻഡിക്കേറ്റ് ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ഹൈക്കോടതിയേയും സമീപിച്ചിരിക്കുകയാണ്.

click me!