
നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിൽ സൂക്ഷിച്ചിരുന്ന നിലയിൽ മദ്യം കണ്ടെത്തി. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 30 ലിറ്റർ മദ്യം പിടികൂടിയത്. നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനനെയും എക്സൈസ് പിടികൂടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൻതോതിൽ മദ്യം ശേഖരിച്ചിരുന്ന ഇയാൾ ആവശ്യക്കാർക്ക് കൂടിയ വിലക്ക് വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി.
അതിനിടെ പാലക്കാട് വാളയാറിൽ ബസിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് 6 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആലപ്പുഴ കുത്തിയതോട് സ്വദേശി ലിജോ(31 വയസ്) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 2018 ജനുവരി 30 ന് വാളയാർ ടോൾപ്ലാസയ്ക്ക് സമീപം വാഹനപരിശോധനക്കിടെയാണ് തമിഴ്നാട് ട്രാൻസ്‌പോർട് ബസിൽ 1.5 കിലോഗ്രാം കഞ്ചാവുമായി വന്ന ലിജോയും രണ്ടാം പ്രതി ശ്രീദേവും(29) എക്‌സൈസിന്റെ പിടിയിലായത്.
തൃത്താല റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ർ എം.എസ്.പ്രകാശിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. തുടർന്ന് പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന എം.സജീവ്കുമാർ കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടാം പ്രതിക്ക് 2 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പാലക്കാട് സെക്കന്റ് അഡീഷണൽ ജഡ്ജ് ഡി.സുധീർ ഡേവിഡ് ആണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി NDPS സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam