
കൽപറ്റ: പുലർച്ചെ രണ്ട് മണി സമയത്ത് വൈത്തിരി ചുരത്തിലെ ലക്കിടിയിൽ പാഞ്ഞെത്തിയ ആഡംബര കാർ എക്സൈസ് സംഘം വലയിലാക്കി. മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി സഞ്ചരിച്ച യുവതിയെയും യുവാവിനെയുമാണ് എക്‌സൈസ് സംഘം അതിസാഹസികമായി പിടികൂടിയത്. മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നാണ് എക്‌സൈസ് സംഘം നൽകുന്ന വിവരം.
കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി വി.പി. മുഹമ്മദ് ശിഹാബ് (42), താമരശ്ശേരി തിരുവമ്പാടി സ്വദേശിനി എം.കെ. ശാക്കിറ (30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3.06 ഗ്രാം മെത്തഫിറ്റമിൻ എക്‌സൈസ് പിടിച്ചെടുത്തു. പുലർച്ചെ രണ്ട് മണിയോടെയാണ് കൽപറ്റയിൽ നിന്നുള്ള എക്‌സൈസ് ഉദ്യോഗസ്ഥ സംഘം, രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലക്കിടി ഭാഗത്ത് വാഹന പരിശോധന നടത്തിയത്. DL 3 CBM 8664 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ടൊയോട്ട ആൾട്ടിസ് കാറിലായിരുന്നു പ്രതികളുടെ യാത്ര. മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച ഈ ആഡംബര വാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ വയനാട് കേന്ദ്രീകരിച്ചുള്ള കൂടുതൽ മയക്കുമരുന്ന് കണ്ണികൾ വലയിലാകുമെന്നാണ് എക്‌സൈസ് സംഘത്തിൻ്റെ പ്രതീക്ഷ. കൽപറ്റ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ജി. ജിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി. മുഹമ്മദ് മുസ്തഫ, വി.കെ. വൈശാഖ്, പ്രജീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിബിജ, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ അബ്ദുള്‍ റഹീം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.