
ഇടുക്കി: ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഒരു കുടുംബത്തിലെ നാല് പേർ അറസ്റ്റിൽ ചെയ്തു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് തമിഴ്നാട്ടിൽ പിടിയിലായത്. ഇവരിൽ നിന്ന് 46.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതായി തമിഴ്നാട് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കമ്പം ബൈപ്പാസ് റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു.
ഈ സമയം ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ള ഒരു ആഡംബര കാർ എത്തി. കാറിൽ രാജേഷ് കണ്ണൻ, ഭാര്യ ബില്ലി രാമലക്ഷ്മി, രണ്ട് ആൺമക്കൾ എന്നിവരാണ് ഉണ്ടായിരുന്നത്. വാഹനം വിശദമായി പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. തുടർന്ന് പ്രതികളെയും കഞ്ചാവും കടത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
തേനി ജില്ലയിലെ ചിലരുമായി ചേർന്നാണ് ഇവർ കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. ഇതനുസരിച്ച് സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പിടിച്ചെടുത്ത കഞ്ചാവിന്‍റെ വില ഏകദേശം അഞ്ച് ലക്ഷം രൂപയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam