
കാസർകോട്: 67,50,000 രൂപയുടെ കുഴൽ പണം പിടിച്ചപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച ഓഫർ 50,000 മുതൽ 10 ലക്ഷം രൂപ വരെ. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് തലപ്പാടിയിൽ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 67,50000 രൂപ കുഴൽ പണമാണ് പിടികൂടിയത്. കണ്ണൂർ തളിപ്പറമ്പിലെ തോട്ടത്തിന്റവിടെ സമീറിൽ (41) നിന്നാണ് പണം പിടികൂടിയത്.
മംഗളൂരിൽ നിന്നും എത്തിയ സമീർ തലപ്പാടിയിൽ ഇറങ്ങി. അതിനു ശേഷം തലപ്പാടിയിൽ നിന്നും ആകെ 5 യാത്രക്കാർ മാത്രമുള്ള കുമ്പളയിലേക്കുള്ള സ്വകാര്യ ബസിൽ കയറി. ആരും സംശയിക്കാതിരിക്കാനായിരുന്നു ഇത്. എന്നാൽ സാധാരണ കർണാടക ബസ് കൂടുതലായി പരിശോധിക്കുന്ന എക്സൈസ് ഈ സ്വകാര്യ ബസിലും കയറി പരിശോധന തുടങ്ങി. ഇതിനിടയിലാണ് സമീറിന്റെ ബാഗും പരിശോധന നടത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു നോട്ട് കെട്ടുകൾ ഉണ്ടായിരുന്നത്. ബസിൽ വെച്ച് തന്നെ സമീർ എക്സൈസ് ഉദ്യോഗസ്ഥർക്ക് 50,000 രൂപ ഓഫർ നൽകി. ബസ് ഇറങ്ങിയപ്പോൾ ഇയാളെ ചോദ്യം ചെയ്തപ്പോൾ അത് ഒരു ലക്ഷമായി. അറസ്റ്റ് ഇന്റിമേഷൻ ചെയ്യുന്നതിന് സമീറിന്റെ ബന്ധുവിനെ വിളിച്ചപ്പോൾ തിരിച്ചു മറ്റൊരു നമ്പറിൽ നിന്നും 10 ലക്ഷം ഓഫർ എത്തി. പിന്നീട് പ്രതിയെ എക്സൈസ് മഞ്ചേശ്വരം പൊലീസിന് കൈമാറി.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ കെ ഷിജിൽ കുമാർ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ സി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജനാർദ്ദനൻ കെ എ പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) നൗഷാദ് കെ സിവില്‍ എക്‌സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ എന്നിവര്‍ കുഴൽ പണ വേട്ടയിൽ ഉണ്ടായിരുന്നു. ഇയാൾ സ്ഥിരം കാരിയർ ആണെന്ന് എക്സ്സൈസ് സംശയിക്കുന്നു. ഇയാളുടെ കയ്യിൽ നിന്നും പണം വിതരണം ചെയ്യേണ്ട ചില ലിസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. പണം കൊടുത്തയച്ചയാളെ കുറിച്ചുള്ള വിവരങ്ങളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam