
കാസർകോട്: കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. ചെമ്മട്ടംവയൽ സ്വദേശി കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. രാവിലെ പത്തു മണിയോടെ വയലിൽ അടക്ക പറിക്കാൻ പോയതായിരുന്നു കുഞ്ഞിരാമൻ എന്ന് ബന്ധുക്കൾ പറയുന്നു. ഉച്ചയോടെ നാട്ടുകാരാണ് വയലിൽ വീണു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. കുഞ്ഞിരാമന്റെ കയ്യിൽ വൈദ്യുതി കമ്പി പിണഞ്ഞു കിടക്കുന്നുണ്ടായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇത് കെ എസ് ഇ ബി ഉപേക്ഷിച്ച വൈദ്യുതി കമ്പി ആണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനു സമീപത്ത് പുതിയ ലൈൻ വലിച്ചിട്ടുണ്ട്. അതോടെ പഴയ വൈദ്യുതി ലൈൻ ഒഴിവാക്കി. അധികം ആരും പോകാത്ത സ്ഥലമാണ് ഇതെന്നും നാട്ടുകാർ പറയുന്നു. തൂങ്ങി കിടക്കുന്ന വൈദ്യുതി കമ്പി മാറ്റാൻ ശ്രമിച്ചപ്പോൾ കുഞ്ഞിരാമന് ഷോക്കേറ്റത് ആകാമെന്നാണ് നിഗമനം. കെഎസ്ഇബി യുടെ അനാസ്ഥ കൊണ്ടാണ് ഇത് സംഭവിച്ചതെന്നും നാട്ടുകാർ പറയുന്നു. ഉപേക്ഷിച്ച ലൈനിൽ എങ്ങനെ വൈദ്യുതി വന്നു എന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam