
പാലക്കാട്: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായ പരിശോധനകൾ നടന്നുവരികയാണ്. ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം രാകേഷിന്റെ നേതൃത്വത്തിൽ വാളയാർ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടി നടത്തിയ വ്യാപക വാഹന പരിശോധനയിൽ കുടുങ്ങിയത് മദ്യമോ മയക്കുമരുന്നോ കഞ്ചാവോ അല്ല. മതിയായ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 26,66,500 രൂപയാണ്.
കോയമ്പത്തൂരിൽ നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി താനാജി ഷിൻഡെയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. സംഭവത്തിൽ തുടർ നടപടികൾക്കായി ഇയാളെയും കാശും രേഖകളുമടക്കം വാളയാർ പൊലീസിന് കൈമാറി. സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സജീവ് വി, പ്രിവന്റീവ് ഓഫീസർമാരായ എസ് രാജേന്ദ്രൻ, ജിഷു ജോസഫ്, അനീഷ് കെപി, ശ്രുതീഷ് ജി, സിഇഒ മാരായ സുജീഷ് വി, ശ്രീകുമാർ എസ് എന്നിവരും ഉണ്ടായിരുന്നു.
ഓട്ടോറിക്ഷയിൽ കഞ്ചാവുമായെത്തിയത് മോഷണക്കേസ് പ്രതി. തിരുവനന്തപുരം കാരോട് ബൈപ്പാസിൽ വാഹന പരിശോധനയിലാണ് വലിയ തോതിൽ കഞ്ചാവ് പിടികൂടിയത്. ക്രിസ്തുമസ്, ന്യൂ ഇയർ അനുബന്ധിച്ച് വ്യാപകമായ രീതിയിൽ സംസ്ഥാനത്തേക്ക് കഞ്ചാവും മയക്കുമരുന്നുകളും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നത് തടയാനായി നടത്തിയ പരിശോധനയിലാണ് മോഷണക്കേസ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.
തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സ് കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെ (KEMU)നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി ചെങ്കലിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ചെങ്കൽചൂള സ്വദേശി ശരത്തിനെ അറസ്റ്റിലായത്.