ചാരായ വാറ്റുകേന്ദ്രത്തില്‍ റെയ്ഡ്; ഒരാള്‍ പിടിയില്‍; മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു

By Web TeamFirst Published Jul 12, 2019, 10:51 PM IST
Highlights

സിപിഎം പ്രവര്‍ത്തകരെയും വീടുകളും ആക്രമിച്ച കേസുകളില്‍ പ്രതികളാണ് എല്ലാവരും

ചേര്‍ത്തല: ചാരായ വാറ്റ് കേന്ദ്രം എക്‌സൈസ് സംഘം റെയ്ഡ് ചെയ്തു. നാലംഗ സംഘത്തിലെ മൂന്നുപേര്‍ എക്‌സൈസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ടു. 10 ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയിലായി. സിപിഎം പ്രവര്‍ത്തകരെയും വീടുകളും ആക്രമിച്ച കേസുകളില്‍ പ്രതികളാണ് എല്ലാവരും. ചേര്‍ത്തല മുനിസിപ്പല്‍ 33-ാം വാര്‍ഡില്‍ കുറുപ്പംകുളങ്ങര അരുണ്‍കുമാര്‍ (26) ആണ് പിടിയിലായത്.

എക്‌സൈസ് സംഘം എത്തിയപ്പോള്‍ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞുവെന്നും ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ചേര്‍ത്തല റേഞ്ച് ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കുറുപ്പംകുളങ്ങര രാജുവിന്റെ വീട് ഇന്ന് പുലര്‍ച്ചെ റെയ്ഡ്‌ചെയ്യുമ്പോള്‍ വീടിന്റെ ടെറസില്‍ സംഘം ചാരായം വാറ്റുകയായിരുന്നു. പാചകവാതകം ഉപയോഗിച്ചാണ് സ്റ്റൗ പ്രവര്‍ത്തിപ്പിച്ചത്. വാതക സിലിണ്ടര്‍, പാത്രങ്ങള്‍, സ്റ്റൗ എന്നിവയും പിടിച്ചെടുത്തു. 

പതിവായി ചാരായം വാറ്റി മൊത്തവ്യാപാരം നടത്തുന്നവരാണ് പ്രതികളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അര്‍ത്തുങ്കല്‍, ചേര്‍ത്തല, പട്ടണക്കാട് സ്‌റ്റേഷനുകളില്‍ ഇവര്‍ പ്രതികളായ കേസുകളുണ്ട്.

click me!