
തിരുവനന്തപുരം: എട്ട് ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചുള്ളിമാനൂർ സ്വദേശി അഫ്സൽ (30)നെയാണ് നെടുമങ്ങാട് എക്സൈസ് സംഘം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. തുടർന്ന് വീട്ടിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ഇയാൾ ആക്രമിക്കാനും ശ്രമിച്ചു.
തുടർന്ന് മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. ബംഗളുരുവിൽ നിന്നുമാണ് ഇയാൾ എംഎഡിഎംഎ എത്തിച്ചിരുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലും ചില്ലറവിൽപ്പന നടത്തുകയായിരുന്നു പതിവ്. ഇയാൾക്കെതിരെ വലിയമല സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. എക്സൈസ് റേഞ്ച് ഓഫീസർ പ്രവീണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
വയനാട്ടിലെ അറസ്റ്റ്
ഒക്ടോബറില്‍ മുത്തങ്ങയില്‍ 53.48 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് പേരെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ആലപ്പുഴ മാന്നാര്‍ നെല്ലിക്കോമത്ത് വീട്ടില്‍ വി വിഷ്ണു(25)വിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് അറസ്റ്റിലായവര്‍ ഇയാളില്‍ നിന്നാണ് ബെംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയത്. വിഷ്ണുവിനെതിരെ മാന്നാര്‍ സ്റ്റേഷനില്‍ വധശ്രമക്കേസിലുള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ ഒമ്പതാം തീയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കര്‍ണാടക ഭാഗത്ത് നിന്നും വരികയായിരുന്ന കെ എല്‍ 56 എക്‌സ് 6666 നമ്പര്‍ കാറിലാണ് എം.ഡി.എം.എ കടത്തിയത്. കോഴിക്കോട് സ്വദേശികളായ ബേപ്പൂര്‍ നടുവട്ടം കൊന്നക്കുഴി വീട്ടില്‍ കെ അഭിലാഷ് (44), നടുവട്ടം അദീബ് മഹല്‍ വീട്ടില്‍ അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി കല്ലുട്ടിവയല്‍ വീട്ടില്‍ അബ്ദുള്‍ മഷൂദ് (22) എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് നേരത്തെ പിടികൂടിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam