
കുറ്റൂർ: ബിജെപി മഹിളാ മോർച്ച കുറ്റൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ആയിരുന്ന പ്രസന്ന എം ജി സ്ഥാനം രാജിവെച്ചു കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു. കെപിസിസി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ, നിർവാഹക സമിതിയംഗം വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് അഭിലാഷ് വെട്ടിക്കാടൻ, നീതു മാമ്മൻ കൊണ്ടൂർ, സുരേഷ് ജി പുത്തൻപുരക്കൽ, കെ സി തോമസ്, സദാശിവൻ പിള്ള, ശാന്തി പി ആർ, രേഷ്മ രാജേശ്വരി, ബിന്ദു കുഞ്ഞുമോൻ, പി എ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
അതേസമയം, സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പത്തനംതിട്ടിയിലെ മുൻ ഓഫീസ് സെക്രട്ടറി ആർഎസ്പിയിൽ ചേർന്നു. തോമസ് പി ചാക്കോയാണ് പാർട്ടിയും മുന്നണിയും വിട്ടത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അഗമാണ് ഇദ്ദേഹം. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സ്ഥാനാർത്ഥിയാകും. പത്തനംതിട്ട നഗരസഭയിലെ 31ാംവാർഡിൽ ആർഎസ്‌പിക്ക് വേണ്ടി ഇദ്ദേഹം മത്സരിക്കും.
പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിയുടെ എംഎൽഎ ഓഫീസിലെ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു തോമസ് ചാക്കോ. ഈ ജോലിക്ക് സർക്കാരിൽ നിന്നായിരുന്നു ശമ്പളം വാങ്ങിയിരുന്നത്. എന്നാൽ ഓഫീസ് സെക്രട്ടറി പദത്തിലിരുന്ന് സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യുന്നുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് പദവിയിൽ നിന്ന് നീക്കിയെന്നാണ് ആരോപണം. എന്നാൽ താൻ സ്വയം സ്ഥാനമൊഴിയുന്നതായി വ്യക്തമാക്കിക്കൊണ്ട് തോമസ് ചാക്കോ മന്ത്രിയുടെ അഡീഷണൽ പിഎസിന് കത്ത് നൽകിയിരുന്നു.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്ന് തോമസ് ചാക്കോയെ നീക്കിയിരുന്നു. നിലവിൽ സിപിഎം അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു. ആർഎസ്‌പി സ്ഥാനാർത്ഥിയായി സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെയാണ് മത്സരം. വാർഡിൽ സ്ഥാനാർത്ഥിയെ തേടിയിരിക്കുകയായിരുന്ന ആർഎസ്‌പിക്ക് സാമുദായിക വോട്ടുകളും സിപിഎം വോട്ടുകളും നേടാനാവുമെന്ന പ്രതീക്ഷയാണുള്ളത്.